കൊച്ചി: ഭാര്യയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയ യുവാവിന്റെ നെഞ്ചില്‍ മീന്‍കത്തി കുത്തിയിറക്കി കുത്തികൊലപ്പെടുത്താന്‍ ശ്രമം. ചൊവ്വാഴ്ച വൈകിട്ട് വൈപ്പിന്‍ കാളമുക്ക് ഫിഷിങ് ഹാര്‍ബറിലുണ്ടായ സംഭവത്തില്‍ 32കാരനായ യുവാവ് പിടിയിലായി.
തെക്കന്‍ മാലിപ്പുറം സ്വദേശി ഐനിപറമ്പില്‍ റൈജോ (32) ആണ് അറസ്റ്റിലായത്. ഭാര്യയെ ഫോണില്‍ ശല്യം ചെയ്തതിനെച്ചൊല്ലിയുള്ള വാക്ക് തര്‍ക്കത്തിനിടെ പ്രതി മീന്‍ മുറിക്കുന്ന കത്തികൊണ്ടു യുവാവിന്റെ നെഞ്ചിനു താഴെ കുത്തുകയായിരുന്നെന്നുവെന്ന് പോലീസ് വിശദമാക്കി. കാളമുക്കില്‍ മീന്‍ തട്ട് നടത്തുകയാണ് പ്രതി.
യുവാവിനെ കുത്തിയ ശേഷം ഉടനെ വാഹനത്തില്‍ രക്ഷപെട്ട പ്രതിയെ പോലീസ് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ പിടികൂടി. കുത്തേറ്റ യുവാവ് അപകട ഘട്ടം തരണം ചെയ്തതായി പോലീസ് അറിയിച്ചു. മുളവുകാട് എസ്എച്ച്ഒ പി.എസ്.മന്‍ജിത് ലാല്‍, എസ്ഐ വി.ശ്രീജിത്ത്, സിവില്‍ പൊലീസ് ഓഫിസര്‍ കെ.ആര്‍.രാജേഷ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ 7 കോടിയുടെ ലഹരി മരുന്നുമായി അറസ്റ്റിലായ ദമ്പതികള്‍ ജാമ്യത്തിലിറങ്ങി വീണ്ടും ലഹരിമരുന്നുമായി പിടിയിലായി. ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ കൂടിയായ മലയാളി ദമ്പതികളാണ് ഒരേ കുറ്റകൃത്യത്തിന് വീണ്ടും പിടിയിലായത്.
കോട്ടയം സ്വദേശി സിഗില്‍ വര്‍ഗീസ് മാമ്പറമ്പില്‍ (32), കോയമ്പത്തൂര്‍ സ്വദേശി വിഷ്ണു പ്രിയ (22) എന്നീ ദമ്പതികളെ കര്‍ണാടക പോലീസാണ് അറസ്റ്റ് ചെയ്തത്. പരപ്പന അഗ്രഹാരയില്‍ മയക്കുമരുന്ന് ഇടപാട് നടത്തിയതിനാണ് ഇരുവരെയും കഴിഞ്ഞ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.