യുവതി പ്രവേശനം അനുവദിക്കില്ല, നിലവിലെ രീതി പിന്തുടരും: പോലീസിനുള്ള വിവാദ നിര്‍ദേശം പിന്‍വലിക്കും; ദേവസ്വം മന്ത്രി

ശബരിമല: സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് തീര്‍ത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദ്ദേശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശം ഇല്ലെന്നും മന്ത്രി സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

തീര്‍ത്ഥാടനകാലം തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ പോലീസുകാര്‍ക്കുള്ള ആഭ്യന്തര വകുപ്പിന്റെ കൈപ്പുസ്തകത്തിലാണ് വിവാദ നിര്‍ദ്ദേശം അടങ്ങിയിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനടക്കം ഈ നിര്‍ദ്ദേശത്തിനെതിരെ കടുത്ത ഭാഷയില്‍ രംഗത്ത് വന്നിരുന്നു. വിശ്വാസികള്‍ ഒരിക്കല്‍ തിരുത്തിച്ചതാണെന്നും വീണ്ടും അവിവേകത്തിന് മുതിര്‍ന്നാല്‍ പഴയതൊന്നും ഓര്‍മ്മിപ്പിക്കരുതെന്നും പറഞ്ഞായിരുന്നു കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

മുന്‍ വര്‍ഷങ്ങളില്‍ പ്രിന്റ് ചെയ്ത പുസ്തകം കൊടുത്തതാണെന്നു എഡിജിപി എം ആര്‍ അജിത്കുമാര്‍ വ്യക്തമാക്കി. കുറെ അധികം തെറ്റുകള്‍ ഉണ്ട്. എല്ലാം തിരുത്തി പുതിയ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതില്‍ അന്തിമ തീരുമാനം വരുന്നത് വരെ മുന്‍പ് ഉണ്ടായ അതേ രീതിയില്‍ പ്രവേശനം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version