തിരുവനന്തപുരം: അപകടത്തിൽപ്പെട്ട ഭർത്താവിനെ കാണാനായുള്ള യാത്രയിൽ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി കെഎസ്ആർടിസി ബസ് ജീവനക്കാർ. വെൺപകലിൽനിന്ന് മെഡിക്കൽ കോളേജിലേക്ക് ബുധനാഴ്ച രാവിലെ എട്ടരയ്ക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരിയായ അവണാകുഴി വൃന്ദാ ഭവനിൽ വൃന്ദ (26)യാണ് കുഴഞ്ഞുവീണത്.
ജോലിക്കുപോയ ഭർത്താവ് രഞ്ജിത്തിന് അപകടമുണ്ടായി മെഡിക്കൽ കോളേജ് ആശുപത്രിയിലാണെന്ന വിവരമറിഞ്ഞാണ് വൃന്ദ, സഹോദരി വിദ്യക്കൊപ്പം ബസിൽ ആശുപത്രിയിലേക്കു പോയത്. ഒൻപതരയോടെ കരമനവെച്ചാണ് വൃന്ദ ബസിൽ കുഴഞ്ഞുവീണത്. ബോധരഹിതയായ യുവതിയെ അതിവേഗം ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യുകയായിരുന്നു ഡ്രൈവർ ഷംജുവും കണ്ടക്ടർ ഷിബിയും.
ട്രിപ്പ് പാതിവഴിയിൽ മുടക്കിയാണ് ഒരു ജീവൻ രക്ഷിക്കാൻ ഷംജുവും ഷിബിയും ഇറങ്ങിയത്. ഇരുവരുടെയും നിരവധി പേർ അഭിനന്ദിക്കുകയും ചെയ്തു. നഗരത്തിലെ ഗതാഗതക്കുരുക്കിനിടയിലൂടെ ആംബുലൻസ് കണക്കെ ഷംജു ബസിന്റെ ഹെഡ്‌ലൈറ്റിട്ടും ഹോൺ നിർത്താതെ മുഴക്കിയും പായുകയായിരുന്നു.
ഈ സമയം, വനിതാ കണ്ടക്ടർ ഷിബി, വൃന്ദയെ പരിചരിച്ചു. ബസ് അതിവേഗം എത്തുന്നുവെന്ന് അറിഞ്ഞ് ട്രാഫിക് പോലീസ് ഇക്കാര്യമറിഞ്ഞ് വഴിയൊരുക്കി നൽകി. നിമിഷനേരങ്ങൾക്കകം ബസ് തൈയ്ക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിലെത്തി.
കുഴഞ്ഞുവീണ വൃന്ദയെ എടുത്ത് ഷംജു അത്യാഹിത വിഭാഗത്തിലാക്കി. ആശുപത്രിയിലായ വൃന്ദയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അറിഞ്ഞശേഷമാണ് മറ്റു യാത്രക്കാരെയുംകൂട്ടി ബസ് യാത്ര തുടർന്നത്. കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ് ഷംജു. മാരായമുട്ടം സ്വദേശിനിയാണ് ഷിബി.
Discussion about this post