പ്രായം വെറും നമ്പർ മാത്രമാണെന്ന് സൗന്ദര്യത്തിലൂടെ സിനിമാ താരങ്ങൾ തെളിയിക്കുമ്പോൾ അവശതകൾ പടിക്ക് പുറത്തിട്ട് 90-ാം വയസിലും ലോട്ടറി വിൽപ്പന നടത്തി തെളിയിക്കുകയാണ് ഭായിയമ്മ എന്ന സുന്ദരി മുത്തശ്ശി. എറണാകുളം ജില്ലയിലെ അരയൻകാവ് സ്വദേശിനിയാണ് ഈ അമ്മ. അരയൻ കാവിലും പരിസരത്തും ലോട്ടറിക്കച്ചവടം നടത്തിയാണ് ഈ മുത്തശ്ശി തന്റെ ജീവിതം മുൻപോട്ട് നീക്കുന്നത്. കാണുന്നവരോടെല്ലാം സംസാരിച്ചും വിവിധ ഭാഷകളിലുള്ള പാട്ടുകൾ പാടിക്കൊടുത്തുമാണ് ലോട്ടറി വിൽപ്പന നടത്തുന്നത്.
തൃപ്പൂണിത്തുറയിൽ നിന്നു വിവാഹശേഷം ഭർത്താവിന്റെ നാടായ അരയൻകാവിലെത്തിയ ഭായി 45ാം വയസ്സിലാണ് ജോലി ആരംഭിച്ചത്. ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിനു ശേഷം മോരു കച്ചവടം നടത്തിയും പലഹാരങ്ങളുണ്ടാക്കി വീടുകൾ തോറും വിറ്റുമാണ് മക്കളെ പഠിപ്പിച്ചതും വിവാഹം ചെയ്ത് അയച്ചതും. വിശ്രമിക്കണമെന്ന് മക്കൾ പറയുന്നത് കേൾക്കാൻ സുന്ദരി മുത്തശ്ശി തയ്യാറല്ല.
”മക്കളും കൊച്ചുമക്കളും ജോലിക്കും പഠിക്കാനും പോയിക്കഴിയുമ്പോൾ വീട്ടിൽ ഒറ്റയ്ക്കിരിക്കേണ്ടി വരും. ലോട്ടറിയുമായി പുറത്തിറങ്ങിയാൽ ആളുകളെയും കാണാം കയ്യിൽ അൽപം കാശും കാണും.” വിശ്രമിക്കാൻ പറയുമ്പോഴുള്ള സുന്ദരി മുത്തശ്ശിയുടെ മറുപടിയാണിത്. പിന്നെ മക്കളും ഈ ആഗ്രഹത്തിന് തടസം പറയാതെയായി.കൃത്യം പത്തു മണിക്ക് ടൗണിൽ എത്തുന്ന ഭായിയമ്മ ഉച്ചഭക്ഷണവും സഞ്ചിയുമെല്ലാം തൊട്ടടുത്ത വീട്ടിൽവച്ച് അമ്പലത്തിലേക്കു പോകും.
പ്രാർഥനയ്ക്കു ശേഷം ഗോപുരപ്പടിയിൽത്തന്നെ കച്ചവടവും ആരംഭിക്കും. ടൗണിലേക്കിറങ്ങുന്നതിടയിൽ പരിചയക്കാരെ കണ്ടാൽ ടിക്കറ്റ് വിൽപനയ്ക്കൊപ്പം നല്ല പാട്ടുകളും പാടിക്കൊടുത്ത് മുൻപോട്ട് പോകുന്നു. ഉച്ചയാകുമ്പോഴേയ്ക്കും ലോട്ടറി വിൽപ്പന അവസാനിപ്പിച്ച് വീട്ടിലേയ്ക്കും പോകും.
Discussion about this post