പാലക്കാട്: വാഹനാപകടത്തില്‍ മരിച്ചയാളുടെ സ്വര്‍ണ മോതിരം മോഷണം പോയതായി പരാതി നല്‍കി മകന്‍. പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശി രാജേഷാണ് അച്ഛന്റെ സ്വര്‍ണ മോതിരം ആശുപത്രിയില്‍ നിന്നും മോഷണം പോയെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
അച്ഛന്റെ 60ാം പിറന്നാളിന് മക്കള്‍ സമ്മാനമായി നല്‍കിയതാണ് മോതിരം. അച്ഛന്റെ ഓര്‍മ്മക്കായി സൂക്ഷിക്കാനാണെന്നും മോതിരം എടുത്തവര്‍ക്ക് ആവശ്യമെങ്കില്‍ പണം നല്‍കാന്‍ തയ്യാറാണെന്നും രാജേഷ് പറയുന്നു.
2022 സെപ്തംബര്‍ 12ന് ഷൊര്‍ണൂര്‍ കൊളപ്പുള്ളിയില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് രാജേഷിന്റെ അച്ഛന്‍ രാജന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. രാജന്‍ സഞ്ചരിച്ച ഇരുചക്രവാഹനം ബസുമായി കൂട്ടിയിടിച്ചാണ് അപകടം. ഉടന്‍ തന്നെ രാജനെ വാണിയംകുളം പികെ ദാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചു. അപ്പോഴാണ് രാജന്റെ കയ്യിലുണ്ടായിരുന്ന ഒരു പവന്റെ സ്വര്‍ണ മോതിരവും പേഴ്‌സും കാണാനില്ലെന്ന കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ രാജന്റെ കൈയ്യില്‍ മോതിരമുള്ളത് വ്യക്തമായി കാണാം. ആശുപത്രിയില്‍ നിന്ന് മോതിരം നഷ്ടമായെന്നാണ് മകന്‍ രാജേഷ് കരുതുന്നത്.
രാജന്റെ അറുപതാം പിറന്നാളിന് മക്കള്‍ നല്‍കിയതാണ് ഈ മോതിരം. മക്കള്‍ നല്‍കിയ സമ്മാനമായതിനാല്‍ രാജനും ഏറെ പ്രിയപ്പെട്ടതായിരുന്നു ആ മോതിരം. അതുകൊണ്ടുതന്നെ ആ സ്വര്‍ണ മോതിരം കണ്ടെത്താനുള്ള ശ്രമത്തിലാണ് മക്കള്‍.
യുഎഇയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന മകന്‍ രാജേഷ് അച്ഛന്റെ അപകട മരണമറിഞ്ഞ് നാട്ടിലെത്തിയതാണ്. പിന്നീട് മടങ്ങിയിട്ടില്ല. അച്ഛന്റെ ഓര്‍മയാണ് ആ മോതിരമെന്നും രാജേഷ് പറയുന്നു.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സെപ്തംബര്‍ 23ന് പരാതി നല്‍കിയെങ്കിലും ഇതുവരെയും കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ആരാണ് മോതിരമെടുത്തതെന്ന് പറഞ്ഞാല്‍ അന്വേഷിക്കാമെന്നാണ് പോലീസ് രാജേഷിനോട് പറഞ്ഞത്.