പാലക്കാട്: മൈലംപുള്ളിയില്‍ മന്തി റൈസ് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍
ഹോട്ടല്‍ അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടി. ഭക്ഷ്യവിഷബാധയേറ്റ പത്ത് കുട്ടികള്‍ ഉള്‍പ്പെടെ മുപ്പത് പേരും നിരീക്ഷണത്തിലാണ്. മൂന്ന് ആശുപത്രികളിലായി ചികില്‍സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. മന്തി റൈസിനൊപ്പം വിതരണം ചെയ്ത മയോണൈസ് കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്.
ഞായറാഴ്ച കഴിച്ച ഭക്ഷണമാണ് കുട്ടികളെ ഉള്‍പ്പെടെ തളര്‍ത്തിയത്. മന്തി റൈസും അനുബന്ധ വിഭവങ്ങളും കഴിച്ചതിന് പിന്നാലെ പലരും കടുത്ത പനി ബാധിതരായി. വയറിളക്കവും, ചര്ദിയും, തലകറക്കവും കാരണം മുതിര്‍ന്നവര്‍ ഉള്‍പ്പെടെ കുഴങ്ങി. വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയവരുടെ എണ്ണം ഒരു പകല്‍ പിന്നിടുമ്പോള്‍ മുപ്പതായി.
മന്തി റൈസ് മാത്രം കഴിച്ചവര്‍ക്ക് ബുദ്ധിമുട്ടില്ലാത്തതും മയോണൈസ് കഴിച്ച മുഴുവനാളുകളും കിടപ്പിലായതും ഒരേ വിഭവത്തില്‍ നിന്നാണ് രോഗബാധയുണ്ടായതെന്ന സംശയം കൂട്ടി. അഞ്ച് വയസില്‍ താഴെയുള്ള മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ പ്രത്യേക നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഹോട്ടല്‍ അനിശ്ചിതകാലത്തേക്ക് പൂട്ടിയിടാന്‍ ആരോഗ്യവിഭാഗം നിര്‍ദേശിച്ചു.
പരിശോധനാ ഫലം വരുന്ന മുറയ്ക്ക് കൂടുതല്‍ നടപടിയുണ്ടാകുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍. ഭക്ഷ്യവിഷബാധയേറ്റവര് മൈലംപുള്ളി, മുണ്ടൂര്‍, പാലക്കാട് എന്നിവിടങ്ങിലെ സ്വകാര്യ ആശുപത്രികളിലാണ് ചികില്‍സയിലുള്ളത്. ഇവര്‍ പൂര്‍ണമായും ഹോട്ടലിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ളവരാണ്. കൂടുതലാളുകള്‍ക്ക് രോഗബാധയുണ്ടോ എന്ന കാര്യം ആരോഗ്യവകുപ്പ് പ്രത്യേകം പരിശോധിക്കുന്നുണ്ട്.
Discussion about this post