കോതമംഗലം: യൂണിഫോമിൽ വിദ്യാർത്ഥികൾ കള്ള് ഷാപ്പിൽ കയറുന്ന വീഡിയോ വൈറലായതോടെ ഷാപ്പ് ജീവനക്കാരൻ അറസ്റ്റിൽ. സംഭവത്തിൽ എക്‌സൈസ് റേഞ്ച് അധികൃതരാണ് അന്വേഷണം നടത്തി കേസ് എടുത്തത്. തങ്കളം ബൈപാസ് റോഡിലെ കള്ളുഷാപ്പിൽനിന്ന് വിദ്യാർഥികൾ യൂണിഫോമിൽ പുറത്തേക്ക് പോകുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് ഷാപ്പിലെ ജീവനക്കാരനായ വടാട്ടുപാറ സ്വദേശി ബിൻസു കുര്യാക്കോസിനെ അറസ്റ്റ് ചെയ്തത്.
ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേയ്ക്ക് കടക്കുമെന്ന് അധികൃതർ അറിയിച്ചു. പിന്നീട് ജീവനക്കാരനെ ജാമ്യത്തിൽ വിട്ടു. വിദ്യാർഥികൾ ഷാപ്പിൽനിന്ന് ഇറങ്ങി ഇരുചക്രവാഹനത്തിൽ പോകുന്നതുവരെയാണ് വീഡിയോയിൽ കാണുന്നത്. 23 വയസ്സിൽ താഴെയുള്ളവർക്ക് കള്ളോ മറ്റ് മദ്യമോ നൽകാൻ പാടില്ലെന്നാണ് അബ്കാരി നിയമം. ഇത് ലംഘിച്ചത് കാണിച്ചാണ് നടപടി സ്വീകരിച്ചത്. ഷാപ്പിൽ സി.സി.ടി.വി. സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവർത്തനരഹിതമായിരുന്നു.
കുട്ടികൾക്ക് കള്ള് നൽകിയിട്ടില്ലെന്നാണ് ജീവനക്കാരൻ നൽകിയ മൊഴി. കള്ള് നൽകുന്നതിന്റെയോ കുടിക്കുന്നതിന്റെയോ തെളിവ് ലഭിച്ചിട്ടില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. അതേസമയം, വിദ്യാർഥികൾ ഏത് സ്ഥാപനത്തിൽനിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും പരിശോധന നടക്കുകയാണെന്നും അധികൃതർ അറിയിച്ചു. വിദ്യാർഥികളുടെ വീഡിയോ ദൃശ്യം ചിത്രീകരിച്ച് പ്രചരിപ്പിച്ച ആൾക്കെതിരേയും നടപടിയുണ്ടായേക്കും.