നെടുങ്കണ്ടം: ഉപദ്രവിക്കാൻ ശ്രമിച്ചതിനു ശേഷം അസഭ്യവർഷം നടത്തുകയും ചെയ്ത കണ്ടക്ടറുടെ അഹങ്കാരം തീർത്ത് കൊടുത്ത് വിദ്യാർത്ഥിനിയും 50ഓളം സഹപാഠികളും. പരാക്രമം മുഴുവനും കാണിച്ച ശേഷം ‘ന്നാ താൻ കേസ് കൊട്’ എന്ന മട്ടിലുള്ള ബസ് കണ്ടക്ടറുടെ വെല്ലുവിളിക്കാണ് വിദ്യാർത്ഥിനി പോലീസ് സ്‌റ്റേഷനിലെത്തി മറുപടി കൊടുത്തത്.
നെടുങ്കണ്ടം – കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ ആൽബിന് എതിരെ എംഇഎസ് കോളജിലെ ബിരുദ വിദ്യാർഥിനിയാണ് നെടുങ്കണ്ടം പോലീസിൽ പരാതി നൽകിയത്. വിദ്യാർത്ഥിനിക്ക് തുണയായി 50ഓളം സഹപാഠികളും പോലീസ് സ്‌റ്റേഷനിൽ എത്തുകയും ചെയ്തു. ബസിൽ വച്ച് അപമാനിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തുവെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി.
ഇതേ കണ്ടക്ടർ കഴിഞ്ഞ ഓണക്കാലത്ത് വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്നു മറ്റ് വിദ്യാർഥികൾ ആരോപിച്ചു. വിദ്യാർഥിനി ചോദ്യം ചെയ്തതോടെ ബഹളമായി. ഇതോടെ കണ്ടക്ടർ ക്ഷമ പറഞ്ഞു. ഇന്നലെ ബസിൽ നിന്ന് സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ വീണ്ടും അതേ കണ്ടക്ടർ അസഭ്യവർഷം നടത്തിയെന്നാണു പരാതി. കോളജിലെ വിദ്യാർഥികളും കണ്ടക്ടർക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
വിദ്യാർഥികൾ ചോദ്യം ചെയ്തതോടെ ‘പരാതിയുണ്ടെങ്കിൽ ബസ് പാർക്ക് ചെയ്യുന്ന സ്ഥലത്ത് വന്ന് ഒരു വെള്ള പേപ്പറിൽ പരാതി എഴുതി നൽകൂ’ എന്നായിരുന്നു കണ്ടക്ടറുടെ പ്രതികരണം. ഇതോടെയാണ് കൂട്ടുകാർക്കൊപ്പം വിദ്യാർത്ഥിനി പോലീസ് സ്‌റ്റേഷനിലേയ്ക്ക് വെച്ചുപിടിച്ചത്. പരാതിയിൽ കേസെടുത്തെന്നും നടപടി സ്വീകരിക്കുമെന്നും എസ്എച്ച്ഒ അറിയിച്ചു.