തിരുവനന്തപുരം: നഗരത്തിലെ യാത്രികർക്ക് പ്രിയങ്കരമായി സിറ്റി സർക്കുലർ ബസ്. ഈ സാഹചര്യത്തിൽ കൂടുതൽ ബസുകൾ നിരത്തിലിറക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സിറ്റി സർക്കുലർ സർവ്വീസിലേക്ക് പുതിയതായി 10 ഇലക്ട്രിക് ബസുകൾ കൂടിയാണ് എത്തിയിരിക്കുന്നത്. നേരത്തെ സർവ്വീസ് നടത്തിയിരുന്ന 25 ബസുകൾക്ക് പുറമെയാണ് പുതിയ 10 ബസുകൾ കൂടെ എത്തിയത്.
ഇതോടെ കെ എസ് ആർ ടി സി – സ്വിഫ്റ്റ് വഴി സിറ്റി സർക്കുലറിൽ സർവ്വീസ് നടത്തുന്ന ബസുകളുടെ എണ്ണം 35 ആയി വർധിച്ചിച്ചു. യാത്രാ സൗകര്യം എളുപ്പമായതിന്റെ സന്തോഷത്തിലാണ് യാത്രികരും. 2022 ആഗസ്റ്റ് 1 നാണ് കെഎസ്ആർടിസി-സ്വിഫ്റ്റ് ഇലക്ട്രിക് ബസുകൾ സിറ്റി സർക്കുലറിൽ സർവ്വീസ് ആരംഭിച്ചത്. 50 ബസുകൾക്കുള്ള ഓഡർ ആണ് നൽകിയിരുന്നത്.
ആദ്യ ഘട്ടത്തിൽ 25 ബസുകൾ ഇറക്കി പ്രിയമേറിയതോടെയാണ് 10 ബസുകൾ കൂടി നിരത്തിലിറക്കുന്നത്. ഉടൻ തന്നെ 5 ഇലക്ട്രിക് ബസുകൾ സിറ്റി സർക്കുലറിന്റെ ഭാഗമാകും. അത് തിരുവനന്തപുരത്ത് ഇതിനോടകം എത്തിക്കഴിഞ്ഞു. ബാക്കിയുള്ള 10 ബസുകൾ അടുത്തമാസം എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. 9 മീറ്റർ നീളമാണ് ഇലക്ട്രിക് ബസുകൾക്ക് ഉള്ളത്. നിലവിൽ ശരാശരി ഒന്നര മണിക്കൂർ കൊണ്ടുള്ള ഒറ്റ ചാർജിങ്ങിൽ തന്നെ 140 കിലോ മീറ്ററിന് മുകളിൽ റേഞ്ച് ലഭിക്കുന്നുണ്ട്. 92,43,986 രൂപയാണ് ഒരു ബസിന്റെ വില. യാത്രക്കാർക്ക് മൊബൈൽ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യവും, അഞ്ച് സിസിടിവി ക്യാമാറയുടെ നിരീക്ഷണം, യാത്രക്കാർക്ക് എമർജൻസി അലർട്ട് ബട്ടൻ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളും ബസിൽ ഒരുക്കിയിട്ടുണ്ട്.
Discussion about this post