തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലായിരുന്ന കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി കേരളത്തിലേയ്ക്ക് 17ന് മടങ്ങും. അടുത്തിടെയാണ് ലേസർ ശസ്ത്രക്രിയയ്ക്കായി ഉമ്മൻ ചാണ്ടി ജർമനിയിലെ ബെർലിൻ ചാരിറ്റ് ആശുപത്രിയിലേയ്ക്ക് തിരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് ഉന്മേഷവാനായ ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. മൂന്ന് ദിവസത്തെ വിശ്രമം വേണമെന്ന് ഡോക്ടർമാരുടെ നിർദേശമുള്ളതിനാൽ 17നാണ് നാട്ടിലേയ്ക്ക് തിരിക്കുന്നത്.
ഇപ്പോൾ, ഉമ്മൻചാണ്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തുവന്നു. തിങ്കളാഴ്ച രാവിലെ ജർമനിയിലെ ഇന്ത്യൻ അംബാസഡർ പർവതാനേനി ഹരീഷ് ഉമ്മൻചാണ്ടിയെ സന്ദർശിക്കാൻ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഉമ്മൻ ചാണ്ടിയുടെ മകൻ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഈ ചിത്രത്തിലൂടെ തന്നെ ഉമ്മൻചാണ്ടി പഴയതിലും ഉഷാറാണെന്ന് വ്യക്തമാണ്.
ഷാഫി പറമ്പിൽ എംഎൽഎയും ഉമ്മൻചാണ്ടിയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി ഉന്മേഷവാനാണെന്നും ലേസർ ശാസ്ത്രക്രിയയായതിനാൽ മറ്റു ബുദ്ധിമുട്ടുകൾ ഇല്ലെന്നും അതിവേഗം പൂർണ ആരോഗ്യത്തിലേക്കു മടങ്ങിയെത്തുമെന്നും ഒപ്പമുള്ള ബെന്നി ബഹനാൻ എംപി അറിയിച്ചു. നവംബർ ആറിനാണ് വിദഗ്ധ ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടി ജർമനിയിലേക്ക് തിരിച്ചത്.