പത്തനംതിട്ട: അഗതി മന്ദിരത്തില്‍ കഴിയുന്ന രണ്ട് പെണ്‍കുട്ടികള്‍ക്ക് നാട്ടുകാരുടെ കാരുണ്യത്തില്‍ വിവാഹം നടന്നു. അടൂരിലാണ് നാട്ടുകാരുടെ നന്മയില് രണ്ട് പെണ്‍കുട്ടികള്‍ക്ക് മാംഗല്ല്യഭാഗ്യം വന്നെത്തിയത്.
ചെറുപ്പം മുതല്‍ മഹാത്മ ജനസേവനകേന്ദ്രത്തില്‍ കഴിയുന്ന അശ്വതിക്കും സാന്ദ്രക്കും വേണ്ടിയാണ് കൊടുമണ്‍ പഞ്ചായത്തിലെ നല്ലവരായ നാട്ടുകാര്‍ ഒന്നിച്ചത്. മഹാത്മയിലെ തന്നെ ജീവനക്കാരന് അന്‍സുവാണ് സാന്ദ്രയുടെ വരന്. കൊല്ലം കുണ്ടറ സ്വദേശി ബിനുവാണ് അശ്വതിയെ വിവാഹം ചെയ്യുന്നത്.
എട്ട് കൊല്ലം മുമ്പ് ജീവിതം വഴിമുട്ടിയിടത്ത് നിന്നാണ് സാന്ദ്ര അമ്മ ഷീനക്കൊപ്പം മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിയത്. ആറ് കൊല്ലം മുമ്പാണ് സമാനമായ സാഹചര്യത്തിലൂടെ കടന്ന് പോയ ശേഷം അശ്വതിയും അമ്മ ഗിരിജയും അഗതി മന്ദിരത്തില്‍ അഭയം പ്രാപിച്ചത്.
വയോജനങ്ങളെ മാത്രം സംരക്ഷിച്ചിരുന്ന മഹാത്മ ജനസേവനകേന്ദ്രം ഇരുവരുടെയും ജീവിത സാഹചര്യങ്ങള്‍ കണ്ട് സംരക്ഷണം നല്‍കുകയായിരുന്നു. പിന്നീട് ഇങ്ങോട്ട് സാന്ദ്രയേയും അശ്വതിയേയും സ്വന്തം മക്കളെ പോലെയാണ് മഹാത്മ ജനസേവ കേന്ദ്രം ചെയര്മാന് രാജേഷ് തിരുവല്ലയും ഭാര്യ പ്രിഷീല്‍ഡയും വളര്‍ത്തിയതും പഠിപ്പിച്ചതും.
ഒടുവില്‍, മാഹാത്മയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ പങ്കാളിത്തത്തോടെ ഇരുവരുടെയും വിവാഹവും നിശ്ചയിച്ചു. കൊടുമണ്‍ പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും അടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ച് വിപുലമായാണ് വിവാഹം നടന്നത്. രണ്ട് പേരും സ്വയം തന്നെയാണ് പങ്കാളികളെ കണ്ടെത്തിയത്.
ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആന്റോ ആന്റണി എംപി തുടങ്ങിയ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ സ്നേഹ സമ്മാനമായി മഹാത്മയ്ക്ക് ലഭിച്ച സ്ഥലത്ത് നിന്ന് രണ്ട് പേര്‍ക്കും പത്ത് സെന്റ് വീതം സ്ഥലവും നല്കി.
Discussion about this post