‘മുഖ്യമന്ത്രിയായാല്‍ കാറും പെട്രോളും ഡ്രൈവറും സ്വന്തം ചെലവിലാകും’: സാബു എം ജേക്കബ്

കൊച്ചി: കേരള മുഖ്യമന്ത്രിയാകേണ്ടി വന്നാല്‍ താന്‍ സ്വന്തം ചെലവില്‍ കാറും പെട്രോളും ഡ്രൈവറും വെക്കുമെന്ന് ട്വന്റി 20 പാര്‍ട്ടിയുടെ ചീഫ് കോഡിനേറ്ററും കിറ്റക്‌സ് ഗാര്‍മെന്റ്‌സ് എംഡിയുമായ സാബു എം ജേക്കബ്. ‘ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്’ നല്‍കിയ അഭിമുഖത്തിലാണ് സാബു എം ജേക്കബ് രാഷ്ട്രീയ ആലോചനകള്‍ പങ്കുവെച്ചത്. ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ചായിരിക്കും സംസ്ഥാന തലത്തില്‍ ട്വന്റി 20യുടെ പ്രവര്‍ത്തനമെന്ന് സാബു ജേക്കബ് നേരത്തെ പറഞ്ഞിരുന്നു.

‘തെലങ്കാനയിലെ ഒരു എംപിയാണ് അരവിന്ദ് കെജ്രിവാളുമായി യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശിച്ചത്. ഒരു പൊതുസുഹൃത്ത് ഡല്‍ഹി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ചയൊരുക്കി. ഡല്‍ഹിയില്‍ രാജകീയ വരവേല്‍പാണ് കെജ്രിവാള്‍ നല്‍കിയത്. കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകേണ്ടയാളാണ് താനെന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് താല്‍പര്യമില്ലെന്നായിരുന്നും ഞാന്‍ മറുപടി നല്‍കിയതെന്നും സാബു എം ജേക്കബ് പറഞ്ഞു.

തനിക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനങ്ങള്‍ വെച്ചു നീട്ടിയെന്നും ടി20 നേതാവ് പ്രതികരിച്ചു. എനിക്ക് പണത്തോടോ അധികാരത്തോടോ ആര്‍ത്തിയില്ല. സ്ഥാനമോ അധികാരമോ വേണ്ടിയിരുന്നെങ്കില്‍ എനിക്ക് എളുപ്പത്തില്‍ ഒരു രാജ്യസഭാ നോമിനിയാകാന്‍ കഴിയുമായിരുന്നു. മന്ത്രിയാകാന്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് ഓഫറുകള്‍ വന്നു. പക്ഷെ, ആരില്‍ നിന്നും ഒരു ആനുകൂല്യവും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറല്ല. പക്ഷെ, തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സാഹചര്യമുണ്ടായാല്‍ ഞാന്‍ അത് ചെയ്യും, സാബു വ്യക്തമാക്കി.

‘കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ എനിക്കൊരു താല്‍പര്യവുമില്ല. സാഹചര്യങ്ങളുടെ അനിവാര്യത കൊണ്ട് ഞാന്‍ മുഖ്യമന്ത്രിയായാല്‍ ഞാനെന്റെ സ്വന്തം കാര്‍ ആകും ഉപയോഗിക്കുക. ഞാന്‍ പണം കൊടുത്ത് വാങ്ങിയ പെട്രോളുപയോഗിച്ചാകും ആ കാര്‍ ഓടുക. എന്റെ ഡ്രൈവര്‍ തന്നെ അത് ഓടിക്കും. ഞാന്‍ കുടുംബത്തോടൊപ്പം വിദേശയാത്ര നടത്തുന്നത് എന്റെ സ്വന്തം ചെലവിലായിരിക്കും. സര്‍ക്കാര്‍ ചെലവില്‍ ആയിരിക്കില്ല.

”കേരളത്തിന് നരകത്തില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ ടി20യ്ക്ക് ഒരു അവസരം നല്‍കണം. തെരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ പ്രതിനിധികള്‍ വിദ്യാഭ്യാസമുള്ളവരാണ്. പണത്തിന് വേണ്ടി എനിക്ക് അധികാരം പിടിച്ചെടുക്കുകയോ പൊതുജനങ്ങളെ കൊള്ളയടിക്കേണ്ടതിന്റെയോ ആവശ്യമില്ല. ടി20 അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ പത്ത് വര്‍ഷം കൊണ്ട് രക്ഷപ്പെടും,’ സാബു എം ജേക്കബ് വ്യക്തമാക്കി.

Exit mobile version