തൊടുപുഴ: സാറേ പാമ്പ് കടിച്ചു..രക്ഷിക്കണം.. ഈ അഭ്യര്‍ത്ഥനയുമായി യുവാവ് പാഞ്ഞെത്തിയത് പോലീസ് സ്‌റ്റേഷനിലേക്ക്. അര്‍ധരാത്രി 12 മണിയോടെയാണ് കരിങ്കുന്നം പോലീസ് സ്‌റ്റേഷനിലേക്ക് യുവാവ് ഭയന്ന് ഓടി വന്നത്.
18 വയസ്സ് തോന്നിക്കുന്ന യുവാവ് ഭയത്തോടെയാണ് പോലീസ് സ്‌റ്റേഷനിലേക്ക് ബൈക്കില്‍ എത്തിയത്. നേരെ ഉദ്യോഗസ്ഥരുടെ മുന്നിലെത്തി പൊട്ടിക്കരഞ്ഞ യുവാവ് സാറെ കൈയില്‍ പാമ്പ് കടിച്ചിട്ടുണ്ട്. എനിക്ക് വയ്യ. ആശുപത്രിയിലെത്തിക്കാമോ എന്ന് ചോദിക്കുകയായിരുന്നു.
ഉടന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരായ അക്ബര്‍, ഉമേഷ്, ജ്യോതിഷ് എന്നിവര്‍ ചേര്‍ന്ന് യുവാവിനോട് കാര്യം തിരക്കുകയായിരുന്നു. ഇയാള്‍ തന്റെ പേര് ജിത്തുവെന്നാണെന്നും പാലായില്‍നിന്ന് കരിങ്കുന്നത്തേക്ക് വരും വഴി ബൈക്കില്‍ കയറിക്കൂടിയ പാമ്പ് ഹാന്‍ഡിലിന് മുന്നില്‍ ഇരുന്ന് കൈയില്‍ കടിച്ചുവെന്നു അറിയിക്കുകയായിരുന്നു.
ഇയാളെ കടിച്ച ശേഷം പാമ്പ് ബൈക്കില്‍ നിന്നിറങ്ങി പോയത് കണ്ടുവെന്നും ഇനിയങ്ങോട്ട് വണ്ടി ഓടിക്കാന്‍ ഭയം തോന്നിയെന്നും അതുകൊണ്ടാണ് സ്‌റ്റേഷനിലെത്തിയതെന്നും യുവാവ് പറയുകയായിരുന്നു.
ഇതോടെ രാത്രി പട്രോളിങ്ങിലുണ്ടായിരുന്ന ഓഫിസര്‍മാരായ മധു, എഎസ്‌ഐ ഷാജു എന്നിവര്‍ വിളിച്ചതുപ്രകാരം സ്‌റ്രേഷനിലെത്തുകയും കൈയില്‍ കടിയേറ്റ പാടിലെ മുറിവ് കഴുകി മുകളിലായി കെട്ടിവെച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പോലീസ് വാഹനത്തില്‍ തന്നെയാണ് ജിത്തുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനോടകം അവശനിലയിലായിരുന്ന ജിത്തുവിനെ ഉടന്‍ തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയതിനാല്‍ അപകടനില തരണം ചെയ്‌തെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു മണിയോടെ ബന്ധുക്കള്‍ എത്തിയശേഷമാണ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍നിന്ന് മടങ്ങി പോയത്.