കൊച്ചി: കൂട്ടബലാത്സംഗ കേസില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന് കസ്റ്റഡിയില്‍. കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പിആര്‍ സുനു ആണ് പോലീസിന്റെ പിടിയിലായത്. തൃക്കാക്കര സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
യുവതിയുടെ പരാതിയെ തുടര്‍ന്ന് തൃക്കാക്കര പോലീസ് ബേപ്പൂരിലെത്തിയാണ് സുനുവിനെ കസ്റ്റഡിയിലെടുത്തത്. പ്രതിക്ക് എതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള നിരവധി വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. മുന്‍പും സമാനമായ കുറ്റകൃത്യത്തിന് പിടിയിലായ ഉദ്യോഗസ്ഥനാണ് സുനുവെന്ന് പോലീസ് പറഞ്ഞു.
എറണാകുളത്ത് സബ് ഇന്‍സ്പെക്ടറായിരിക്കെ നിരവധി പരാതികളെ തുടര്‍ന്ന് സുനുവിന് എതിരെ സെന്‍ട്രല്‍ പോലീസ് കേസെടുത്തിരുന്നു. അന്ന് റിമാന്‍ഡിലായിരുന്ന സുനു പിന്നീട് പുറത്തിറങ്ങുകയായിരുന്നു. വീണ്ടും സമാനമായ കേസിലാണ് സുനുവിനെ പോലീസ് പിടികൂടിയിരിക്കുന്നത്.
ഇയാളെ കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം മാത്രമെ അറസ്റ്റ് രേഖപ്പെടുത്തൂവെന്ന് പോലീസ് അറിയിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ക്ക് സിഐയായി സ്ഥാനക്കയറ്റം കിട്ടിയത്. നിരവധി കേസുകള്‍ നിലവിലുള്ളപ്പോഴും ഇയാള്‍ക്ക് സ്ഥാനക്കയറ്റം ഉള്‍പ്പെടെ കൃത്യമായി ലഭിച്ചതും ദുരൂഹമാണ്.
Discussion about this post