വട്ടവട: മൂന്നാർ മേഖലയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വിനോദ സഞ്ചാരത്തിനെത്തിയ കോഴിക്കോട് അശോകപുരം കുന്നിയിൽകാവ് കല്ലട വീട്ടിൽ രൂപേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 40 വയസായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു രൂപേഷ് അടക്കമുള്ള 11 അംഗ സംഘം സഞ്ചരിച്ച ട്രാവലർ അപകടത്തിൽപെട്ടത്. മണ്ണിടിച്ചിലിൽ നൂറടി താഴ്ചയിലേക്കാണ് ട്രാവലർ മറിഞ്ഞത്. അഗ്‌നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ, ഒലിച്ചുപോയ ബസ് 750 മീറ്റർ താഴെനിന്ന് കണ്ടെത്തി.
തകർന്നടിഞ്ഞ അവസ്ഥയിലാണ് വാഹനം. ഇതിന് താഴെയാണ് രൂപേഷിന്റെ മൃതദേഹവും കണ്ടെത്തിയത്. ടോപ്പ് സ്റ്റേഷനും കുണ്ടള അണക്കെട്ടിനും ഇടയിലുള്ള പ്രദേശത്ത് ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപ്രതീക്ഷിതമായി ഉരുൾപൊട്ടിയത്. വടകരയിൽനിന്ന് രണ്ട് വാഹനത്തിലെത്തിയ സംഘം ടോപ്പ് സ്റ്റേഷൻ സന്ദർശിച്ച് അണക്കെട്ട് കാണാൻ വരുകയായിരുന്നു. പെട്ടെന്ന് രണ്ട് പാറക്കഷണവും ചെളിയും റോഡിലേക്ക് വീണു. മുൻപിൽ വന്ന മിനിബസ് ചെളിയിൽ പുതഞ്ഞു.
അപകടം മനസ്സിലാക്കിയ ഡ്രൈവർ നികേഷ് സഞ്ചാരികളോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. രൂപേഷാണ് പലരേയും ഇറങ്ങാൻ സഹായിച്ചത്. ഇതിനിടെ പുറകിലുണ്ടായിരുന്ന വാഹനം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. അപ്പോഴാണ് ചെളിയും വെള്ളവും കൂറ്റൻപാറകളും മുകളിൽനിന്ന് ഒഴുകി വരുന്നത് കണ്ടത്. ഈ സമയം ഡ്രൈവറും രൂപേഷുംകൂടി വാഹനം തള്ളിനീക്കുകയായിരുന്നു. അപകടം കണ്ട് ഡ്രൈവർ ഓടിമാറി. നിമിഷ നേരംകൊണ്ട് വാഹനം കൊക്കയിലേക്ക് ഒഴുകിപ്പോയി.
പിന്നീടാണ് രൂപേഷിനെ കാണാനില്ലെന്ന വിവരം കുടുംബം അറിഞ്ഞത്. സ്ഥലത്ത് മണ്ണിടിച്ചിൽഭീതിയുമുണ്ടായിരുന്നു. എങ്കിലും രണ്ട് മണിക്കൂറിനുള്ളിൽ വാഹനം കണ്ടെത്താനായി. വാഹനത്തിനുള്ളിൽ വലിയൊരു തടി കുത്തിക്കയറിയ നിലയിലായിരുന്നു. കോഴിക്കോട്ടുനിന്ന് കുടുംബത്തോടൊപ്പം മൂന്നാർ കാണാൻ എത്തിയതാണ് രൂപേഷ്. അമ്മയും ഭാര്യയും കുഞ്ഞും ഉൾപ്പെടെ ഉറ്റവരെല്ലാം കൂടെയുണ്ടായിരുന്നു. വിയോഗം കുടുംബത്തിന് ഇനിയും ഉൾകൊള്ളാനായിട്ടില്ല.