പൃഥ്വിരാജ്-റോമ താരജോഡികൾ തകർത്ത് അഭിനയിച്ച ‘ചോക്ലേറ്റ്’ എന്ന ചിത്രം മലയാളികളുടെ മനസിൽ നിന്ന് മായാത്ത ഒന്നാണ്. മൂവായിരം പെൺകുട്ടികളും ഒത്തനടുക്ക് ഞാനും എന്ന സലിംകുമാർ ഡയലോഗ് ഏറെ ചിരിപ്പിച്ച ഒന്ന് കൂടിയാണ്. ഇപ്പോൾ ഈ ഡയലോഗിന് സമാനമായിരിക്കുകയാണ് കൊല്ലം സ്വദേശിയായ എസ് ശ്രീക്കുട്ടന്റെ ജീവിതവും.
പ്രോവിഡൻസ് വിമെൻസ് കോളേജിലാണ് ശ്രീക്കുട്ടൻ പഠിക്കാൻ എത്തിയത്. പെൺപുലികളുടെ തട്ടകത്തിലേയ്ക്ക് ആദ്യമായി കടന്നു വരുന്ന ആൺതരി കൂടിയാണിത്. ശ്രീക്കുട്ടനിലൂടെ തിരുത്തി കുറിക്കുന്നത് 70 വർഷത്തെ ചരിത്രം കൂടിയാണ്. കൊല്ലം തുരുത്തികുളങ്ങര ശ്രീനിവാസന്റെയും മേരിക്കുട്ടിയുടെയും മകനാണ് ശ്രീക്കുട്ടൻ.
ഇംഗ്ലീഷ് വിഭാഗത്തിൽ മുഴുവൻസമയ ഗവേഷണവിദ്യാർഥിണ് ശ്രീക്കുട്ടൻ. പെൺകുട്ടികൾമാത്രമുള്ള കോളേജാണെന്ന് അറിയാമായിരുന്നു. പക്ഷേ, കോളേജിന്റെ ചരിത്രത്തിൽ ആദ്യമാണെന്നൊക്കെ ഇവിടെ വന്നപ്പോഴാണ് അറിഞ്ഞത്. കേട്ടപ്പോൾ സന്തോഷം തോന്നിയെന്ന് ശ്രീക്കുട്ടൻ പറയുന്നു. കൊല്ലം എസ്.എൻ. കോളേജിലാണ് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയത്.
പിന്നീട് അഞ്ചുവർഷം സംസ്‌കൃത സർവകലാശാലയുടെ കൊല്ലം പൻമന പ്രാദേശിക കേന്ദ്രത്തിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലിചെയ്തു. ഈ വർഷമാണ് ഗവേഷണത്തിനായി പ്രോവിഡൻസിൽ ചേർന്നത്. വന്നിട്ട് നാലുമാസമേ ആയിട്ടുള്ളൂ. ഡോ. ശാന്തി വിജയന്റെ കീഴിൽ സിനിമയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഗവേഷണം.
ലൈബ്രറിയിലും പഠനവിഭാഗത്തിലും കൂടുതൽ സമയം ചെലവിടുന്നതിനാൽ ഇവിടെ അധികമാർക്കും അറിയില്ല. എന്നാലും ഇവിടത്തെ ഏക ആൺകുട്ടിയായതിനാൽ ലൈബ്രറിയിലും മറ്റുംവെച്ച് പലരും അതിശയത്തോടെ നോക്കാറുണ്ടെന്നും ശ്രീക്കുട്ടൻ പറയുന്നു. ലേഡീസ് കോളേജായതിനാൽ അല്പം ടെൻഷനും ഉണ്ടെന്ന് ശ്രീക്കുട്ടൻ കൂട്ടിച്ചേർത്തു.