സിനിമയിൽ പതിനേഴ് വർഷങ്ങൾ പൂർത്തിയാക്കിയ സന്തോഷം പങ്കുവെച്ച് സംവിധായകനും നടനുമായ റോഷൻ ആൻഡ്രൂസ്. വിജയം ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങളെ സ്വീകരിക്കുന്നത് നല്ലതാണെന്ന് താരം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. താൻ തിരികെ വരുമെന്നും അടുത്ത സിനിമയുടെ തിരക്കഥാകൃത്തുക്കൾ ബോബിയും സഞ്ജയും ആയിരിക്കുമെന്നും റോഷൻ ആൻഡ്രൂസ് ആരാധകരെ അറിയിച്ചു.
ഈ പോസ്റ്റിന് നന്ദി. എന്നെയും എന്റെ സിനിമകളെയും 17 വർഷമായി പിന്തുണയ്ക്കുന്നതിന് നന്ദി. വിജയങ്ങളും പരാജയങ്ങളും ഈ ഗെയിമിന്റെ ഭാഗമാണ്. വിജയത്തെ ആഘോഷിക്കുന്നതുപോലെ പരാജയത്തെ അംഗീകരിക്കുന്നതും നല്ലതാണ്. ഞാൻ തിരികെ വരും. അടുത്ത സിനിമ മാർച്ചിൽ ആരംഭിക്കും. ബോബി, സഞ്ജയ്, ഹൂസൈൻ ദലാൽ എന്നിവരാണ് കഥാകൃത്തുക്കൾ.
സിദ്ധാർഥ് റോയ് കപൂറാണ് നിർമാണമെന്നും റോഷൻ ആൻഡ്രൂസ് അറിയിച്ചു. നിവിൻ പോളി, അജു വർഗീസ്, സൈജു കുറുപ്പ്, സിജു വിൽസൺ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സാറ്റർഡേ നൈറ്റ് ആയിരുന്നു റോഷൻ ആൻഡ്രൂസിന്റേതായി ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. നേരത്തെ താരത്തിന്റെ പരാമർശം വിവാദത്തിൽ കലാശിച്ചിരുന്നു.
സിനിമയെ വിമർശിക്കുന്നവർ ആ ചിത്രത്തിന് പിന്നിലെ കഠിനാധ്വാനത്തെ കൂടി പരിഗണിക്കണമെന്നും, അങ്ങനെ വിമർശിക്കുമ്പോൾ സ്വന്തം യോഗ്യത കൂടി അളക്കണമെന്നുമായിരുന്നു റോഷൻ ആൻഡ്രൂസ് പറഞ്ഞത്. പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമർശം. ഇതിനെതിരെ വൻ തോതിൽ വിമർശനവും കൂടാതെ പരിഹാസ ട്രോളുകളും ഉയർന്നിരുന്നു.
Discussion about this post