ആലപ്പുഴ: അച്ഛന് ഭാഗ്യം വിറ്റുനടക്കുമ്പോള്‍ എംബിബിഎസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് വീട്ടിലെത്തിച്ച് മകള്‍. ചാരുംമൂട് നൂറനാട് പുലിമേല്‍ തുണ്ടില്‍ ഹരിദാസ്- പ്രസന്ന ദമ്പതികളുടെ മകള്‍ ആരതി ദാസാണ് എംബിബിഎസ് ആദ്യ അലോട്ട്മെന്റില്‍ പാലക്കാട് മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയത്.
രണ്ട് പെണ്മക്കളാണ് ഹരിദാസ്- പ്രസന്ന ദമ്പതികള്‍ക്കുള്ളത്. ഹരിദാസിന്റെയും അങ്കണവാടി വര്‍ക്കറായ പ്രസന്നയുടെയും തുച്ഛമായ വരുമാനം കൊണ്ടാണ് മക്കളെ പഠിപ്പിക്കുന്നതും കുടുംബം മുന്നോട്ട് പോകുന്നതും. പടനിലം എച്ച്എസ്എസില്‍നിന്നു പ്ലസ്ടു പാസായ ആരതി ആലപ്പുഴ തുമ്പോളിയിലെ കോച്ചിംഗ് സെന്ററിലായിരുന്നു എന്‍ട്രന്‍സ് പരിശീലനം നടത്തിയത്. കഠിനാധ്വാനത്തിനൊടുവില്‍ രണ്ടാം ശ്രമത്തിലാണ് ആരതി ഉയര്‍ന്ന റാങ്ക് നേടിയത്.
പാലക്കാട് മെഡിക്കല്‍ കോളജില്‍ മെറിറ്റില്‍ പ്രവേശനം ലഭിച്ചെങ്കിലും 15ാം തീയതി കോളജില്‍ ക്ലാസ് തുടങ്ങുന്നതിന് മുന്നോടിയായി യൂണിഫോം, തുടക്കത്തിലെ ഫീസ്, മറ്റ് കാര്യങ്ങള്‍ എന്നിവയ്ക്കായി 40000 രൂപയോളം വേണ്ടിവരും. ഇത് കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ഹരിദാസും കുടുംബവും. 24000 രൂപ തുടക്കത്തില്‍ കോളജില്‍ തന്നെ അടയ്ക്കണം. ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും മകള്‍ ഡോക്ടര്‍ ആകുന്നതിന്റെ സന്തോഷത്തിലാണ് ഹരിദാസും കുടുംബവും ഇപ്പോള്‍. ഇളയമകള്‍ ഗൗരിദാസ് പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.
Read Also: അപകടകരമായ ഡ്രൈവിംഗ്: ചിന്നൂസ് ബസിന്റെ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
അതേസമയം, ആരതിയുടെ ജീവിത പശ്ചാത്തലം അറിഞ്ഞ കലക്ടര്‍ വിആര്‍ കൃഷ്ണതേജ സഹായവുമായി എത്തിയിട്ടുണ്ട്. കൃഷ്ണ തേജയെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു പരിശീലിപ്പിച്ച ബാലലത മല്ലവരപ്പ് ആരതിയുടെ പഠന ചെലവുകള്‍ ഏറ്റെടുത്തിട്ടുണ്ട്.
ആരതിയുടെ അഞ്ച് വര്‍ഷത്തെ എല്ലാ ചെലവുകളും ഇദ്ദേഹം വഹിക്കും. പാലക്കാട് മെഡിക്കല്‍ കോളജില്‍ മെറിറ്റില്‍ പ്രവേശനം ലഭിച്ചതിനാല്‍ കോളജ് ഫീസ് പട്ടികജാതി വകുപ്പ് നല്‍കും. പിടിഎ ഫണ്ട്, ഹോസ്റ്റല്‍ ഫീ തുടങ്ങിയ ചെലവുകളാണ് കണ്ടെത്താനുണ്ടായിരുന്നത്. ഹോസ്റ്റല്‍ ഫീ ആയി 7,210 രൂപയും പിടിഎ ഫണ്ട് ആയി 16,000 രൂപയും നല്‍കേണ്ടതുണ്ട്. ഈ ചെലവുകളെല്ലാമാണ് ബാലലത വഹിക്കുന്നത്.
Discussion about this post