കൊല്ലത്ത് നിധി ഉണ്ടോ…? ഇന്ധന സാന്നിദ്ധ്യം കണ്ടെത്താന്‍ കടലില്‍ അയ്യായിരം മീറ്റര്‍ ആഴത്തില്‍ കിണറുകള്‍ നിര്‍മ്മിക്കുന്നു

ഇന്ധന സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ആറ് മാസത്തിനകം ഖനനം ആരംഭിക്കും.

കൊല്ലം: കൊല്ലത്ത് ആഴക്കടലിലെ ‘നിധി’ ശേഖരം കണ്ടെത്താന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കൊല്ലത്ത് കടലിലെ ഇന്ധന സാന്നിദ്ധ്യം കണ്ടെത്താന്‍ ആഴക്കടലില്‍ അയ്യായിരം മീറ്റര്‍ ആഴത്തില്‍ കിണറുകള്‍ നിര്‍മ്മിച്ചാണ് പര്യവേക്ഷണം.

ഈ കിണറുകളുടെ രൂപരേഖ സ്വകാര്യ ഏജന്‍സിയുടെ നേതൃത്വത്തില്‍ തയ്യാറാക്കി തുടങ്ങി. കിണറുകളില്‍ കൂറ്റന്‍ പൈപ്പ് ലൈനുകള്‍ കടത്തിവിട്ടാണ് ഇന്ധന സാദ്ധ്യത പരിശോധിക്കുക. രൂപരേഖ തയ്യാറായിത്തുടങ്ങിയെങ്കിലും പര്യവേക്ഷണം ആരംഭിക്കുന്നത് ഒരു വര്‍ഷം വരെ നീളാനും സാദ്ധ്യതയുണ്ട്.

also read; പ്രായപൂര്‍ത്തിയാകാത്ത മകളെ സ്വന്തം കാമുകനെകൊണ്ട് വിവാഹം കഴിപ്പിച്ചു, പീഡനവും; അമ്മയും കാമുകനും അറസ്റ്റില്‍

ഇന്ധന സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ആറ് മാസത്തിനകം ഖനനം ആരംഭിക്കും. കന്യാകുമാരി മുതല്‍ എറുണാകുളം വരെയുള്ള തീരഭാഗത്ത് ഇന്ധനസാദ്ധ്യതയുള്ള 17 ബ്ലോക്കുകളിലെ പര്യവേക്ഷണത്തിനാണ് ഓയില്‍ ഇന്ത്യ ലിമിറ്റഡ്, ഡയറക്ടര്‍ ജനറല്‍ ഒഫ് കാര്‍ബണില്‍ നിന്ന് കരാറെടുത്തിരിക്കുന്നത്.

പര്യവേക്ഷണത്തിന് ഡയറക്ടര്‍ ജനറല്‍ ഒഫ് ഹൈഡ്രോ കാര്‍ബണില്‍ നിന്ന് കരാറെടുത്ത ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെയും ഇവരുടെ ഉപകരാറുകാരുടെയും പ്രതിനിധി സംഘം ഏതാനും ദിവസം മുന്‍പ് കൊല്ലം പോര്‍ട്ട് സന്ദര്‍ശിച്ചിരുന്നു.

ആഴക്കടലില്‍ ഇരുമ്പ് കൊണ്ട് കൂറ്റന്‍ പ്ലാറ്റ്‌ഫോം സ്ഥാപിച്ചാകും കിണര്‍ നിര്‍മ്മാണം നടക്കുക. അത്യാധുനിക സംവിധാനങ്ങളുള്ള വലിയ കപ്പല്‍ ഈ ഭാഗത്ത് നങ്കൂരമിട്ടായിരിക്കും നിരീക്ഷണവും മേല്‍നോട്ടവും. ഈ കപ്പലില്‍ നിന്ന് മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും അകറ്റിനിര്‍ത്താനും കപ്പലിന് ഇന്ധനവും ജീവനക്കാര്‍ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാനും ചുറ്റും ടഗുകള്‍ ഉണ്ടാകും.

kollam-port

പര്യവേക്ഷണ സമയത്ത് ടഗുകള്‍ വഴി കപ്പലില്‍ ഇന്ധനവും ഭക്ഷണവും എത്തിക്കുന്നത് കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ചായിരിക്കും. പര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന കൂറ്റന്‍ പൈപ്പ് ലൈനുകള്‍ സംഭരിക്കുന്നതും കൊല്ലം പോര്‍ട്ടിലായിരിക്കും. വലിയ തുറമുഖങ്ങളേക്കാള്‍ കുറഞ്ഞ നിരക്കില്‍ സേവനം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പര്യവേക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ച് നടത്തുന്നത്.

അതേസമയം, കൊച്ചി പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം എസ്.ഡബ്ല്യു കുക്ക് എന്ന വിദേശ പര്യവേക്ഷണ കപ്പല്‍ എത്തിയിരുന്നു. പര്യവേക്ഷണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നിരീക്ഷണത്തിനാണ് ഈ കപ്പലെത്തിയതെന്നാണ് സൂചന.

Exit mobile version