കോഴിക്കോട്: സ്വകാര്യ ബസ്സിന്റെ മരണപ്പാച്ചിലിനിടെ യാത്രക്കാരി ജീവനും കൊണ്ട് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലായിരുന്നു നടുക്കുന്ന സംഭവം. ബസ്സിറങ്ങി നടന്ന യാത്രക്കാരിയുടെ മു്ന്നിലേക്ക് കുതിച്ചെത്തിയ സ്വകാര്യ ബസ് പെട്ടെന്ന് വെട്ടിച്ചു മാറ്റിയതു കാരണമാണ് യുവതി രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് സംഭവം. വടകര ഭാഗത്തു നിന്നു കൊയിലാണ്ടിയിലേക്കു പുറപ്പെട്ട ഹെവിന്‍ ബസിലെ യാത്രക്കാരി കൊയിലാണ്ടിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിനു മുന്നിലെ റോഡില്‍ ഇറങ്ങി നടക്കുകയായിരുന്നു. പിന്നാലെ വന്ന ചിന്നൂസ് ബസ് ഇടതുവശത്തുകൂടി അമിതവേഗത്തില്‍ പാഞ്ഞു വരികയായിരുന്നു.
ബസിറങ്ങി നടന്നു തുടങ്ങിയ യുവതിയുടെ മുന്നിലേക്കു കുതിച്ചെത്തിയ ബസ് പെട്ടെന്ന് വെട്ടിച്ചുമാറ്റുകയായിരുന്നു. ഡ്രൈവര്‍ ഒരു നിമിഷം ശ്രദ്ധിച്ചില്ലായിരുന്നുവെങ്കില്‍ യാത്രക്കാരി അപകടത്തില്‍പ്പെട്ടേനെ. സംഭവം കണ്ട് ബസ്സിലെ യാത്രക്കാര്‍ നിലവിളിക്കുകയായിരുന്നു.
അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ഞെട്ടലില്‍ നി്ന്നും യാത്രക്കാരി ഇതുവരെ മുക്തയായിട്ടില്ല.ബസ്സുകളുടെ കുതിച്ചോട്ടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇരു ബസിലെയും ഡ്രൈവര്‍മാരെ ഇന്നലെ ഉച്ചയ്ക്ക് ജോയിന്റ് ആര്‍ടിഒ ഹിയറിങ്ങിനു വിളിച്ചു വരുത്തി. ബസുകള്‍ക്ക് നോട്ടിസ് നല്‍കി.
മറുപടി ലഭിച്ചശേഷം തുടര്‍ നടപടിയുണ്ടാകും. ചിന്നൂസ് ബസിലെ ഡ്രൈവറുടെ ലൈസന്‍സ് കൊയിലാണ്ടി ജോയിന്റ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ ആര്‍ടിഒയ്ക്കു കത്തു നല്‍കി.