തൃശൂര്‍: ടോയ് പിയാനോയില്‍ ഏഴ് വയസ്സുകാരന്‍ ഇഷാന്‍ മാന്ത്രിക സംഗീതം വായിച്ചപ്പോള്‍ അത് കേട്ടിരുന്ന് തൃശൂര്‍ കലക്ടര്‍ ഹരിത വി കുമാര്‍. ഏഴാം പിറന്നാളിന് വല്യമ്മ സമ്മാനിച്ചതാണ് ഇഷാന് പിയാനോ. 600 രൂപയുടെ പ്ലാസ്റ്റിക് പിയാനോയില്‍ ഒറ്റവിരല്‍ മാത്രമുപയോഗിച്ച് 50 ഗാനങ്ങള്‍ വായിക്കുന്നതറിഞ്ഞാണ് തൃശൂര്‍ കലക്ടര്‍ ഇഷാനെ ഓഫീസിലെത്തിച്ചത്.
പെരുമ്പാവൂരിലെ വീട്ടില്‍ നിന്ന് കളിപ്പാട്ടവുമായെത്തി കലകട്‌റെ അമ്പരപ്പിച്ചാണ് ഇഷാന്‍ മടങ്ങിയത്. കളിപ്പാട്ടത്തില്‍ ഒറ്റവിരലില്‍ ഈണങ്ങള്‍ വായിച്ചപ്പോള്‍ കലക്ടറുടെ വക പ്രോത്സാഹനവും സമ്മാനങ്ങളും. കലക്ടറിന്റെ മുന്‍പില്‍ ഇഷാന്‍ പിയാനോ വായിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു
കലക്ടര്‍ കൊച്ചുകലാകാരന്റെ പ്രകടനം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. യൂട്യൂബ് നോക്കിയാണ് ഇഷാന്‍ കൃഷ്ണ പിയാനോ വായിക്കാന്‍ പഠിച്ചത്. മലയാളം, തമിഴ്, ഹിന്ദി എന്നീ മൂന്നു ഭാഷകളിലായി 50 ഗാനങ്ങള്‍ വായിക്കും.
ഓണാഘോഷത്തിലും സ്‌കൂളിലും പിയാനോ വായിച്ചതോടെയാണ് ഇഷാന്റെ കഴിവ് പുറംലോകമറിഞ്ഞത്. പെരുമ്പിലാവ് കടവല്ലൂര്‍ വട്ടമാവ് ചെരത്തൊടിപ്പറമ്പില്‍ രാജേഷിന്റെയും ഷൈലുവിന്റെയും മകനാണ്. കൊരട്ടിക്കര ഗവ. യു.പി.സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.