കൊച്ചി: ഞായറാഴ്ചകളില്‍ ക്രിക്കറ്റ് കളിക്കാന്‍ പോകാന്‍ വരനെ അനുവദിക്കണമെന്ന്
മുദ്രപത്രത്തില്‍ എഴുതിവാങ്ങി വരന്റെ സുഹൃത്തുക്കള്‍. എറണാകുളം മരട് സ്വദേശിയായ സിബിന്റെ വിവാഹത്തിനാണ് സുഹൃത്തുക്കള്‍ വ്യത്യസ്ത വിവാഹ ഉടമ്പടി തയ്യാറാക്കിയത്.
നവംബര്‍ ഒന്‍പതാം തിയതി തൈക്കുടത്തെ സെന്റ് റാഫേല്‍ ചര്‍ച്ചിലായിരുന്നു സിബിന്റെയും റെയ്ച്ചലിന്റേയും വിവാഹം. വേദിയില്‍ നിരത്തിവച്ച ട്രോഫികളുടെ സാക്ഷ്യത്തില്‍ വിവാഹം കഴിഞ്ഞ് ഇരുവരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത വിരുന്നും നടന്നു.
വൈറലായ സമ്മതപത്രമിങ്ങനെയാണ്, എന്റെ ഭര്‍ത്താവ് സിബിന്‍ സെബാസ്റ്റ്യനെ(JHONTY) കല്യാണത്തിന് ശേഷം സിബിന് ഇഷ്ടമുള്ള St Pauls ടീമിന് വേണ്ടി ഞായറാഴ്ചകളില്‍ Cricket കളിക്കുവാന്‍ വിട്ടുകൊള്ളാം എന്നും എന്റെ ഭര്‍ത്താവിന് വേണ്ട പ്രോത്സാഹനം നല്‍കാമെന്നും ഞാന്‍ സമ്മതിക്കുന്നു. ഇത് സത്യം സത്യം സത്യം- എന്നാണ് കരാര്‍ ഉടമ്പടിയിലുള്ളത്. സെന്റ് പോള്‍സ് ടീമിന്റെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമാണ് സാക്ഷികളായി ഒപ്പ് വച്ചിട്ടുള്ളത്.
വിവാഹവേദിയില്‍ വച്ച് സര്‍പ്രൈസായാണ് സഹതാരങ്ങളെല്ലാവരും കൂടി റെയ്ച്ചലിനെ കൊണ്ട് മുദ്രപേപ്പറില്‍ ഒപ്പ് ഇടീപ്പിച്ചത് എന്നും മുന്‍കൂറായി ഇതിനെപ്പറ്റി അറിഞ്ഞിരുന്നില്ലെന്നും സിബിന്‍ പറഞ്ഞു.
സിബിന്‍ ക്രിക്കറ്റ് കളിക്കുമെന്ന് നേരത്തെ അറിയാമായിരുന്നു. എന്നാലും ഇത്ര പ്രതീക്ഷിച്ചില്ല’ എന്ന് റെയ്ച്ചല്‍ പറയുന്നു. ഇടയ്ക്ക് ക്രിക്കറ്റ് ടൂര്‍ണമെന്റുകളുണ്ടാകുമെന്നും അതിന് പോകേണ്ടിവരുമെന്നും വിവാഹത്തിന് മുമ്പേ റെയ്ച്ചലിനോട് സിബിന്‍ പറഞ്ഞിരുന്നു.
റെയ്ച്ചല്‍ അന്നും എതിര്‍ത്തില്ല. രേഖാമൂലം എഴുതിനല്‍കിയ കൊണ്ടല്ല, താനുമൊരു ക്രിക്കറ്റ് ആരാധികയായതിനാല്‍ സിബിന്‍ ഇനിയും ക്രിക്കറ്റ് കളിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് റെയ്ച്ചല്‍ പറയുന്നു.
‘കല്യാണം കഴിഞ്ഞു, വിട്ടീലിരുന്നൂടേ എന്നൊന്നും ആരും ചോദിക്കുന്നില്ല. ഇനിയും ക്രിക്കറ്റ് തുടരും. കാരണം റെയ്ച്ചല്‍ കട്ടയ്ക്ക് കൂടെയുണ്ട്’ എന്ന് സിബിനും പറയുന്നു. സിബിന്‍ ഇപ്പോള്‍ എച്ച്ഡിഎഫ്സിയില്‍ ജോലി ചെയ്യുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്നു റെയ്ച്ചല്‍.
ത്രിപ്പൂണിത്തുറ ക്രിക്കറ്റ് ലൗവേര്‍സ്(TCL) എന്ന ക്രിക്കറ്റ് പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മയിലാണ് സിബിന്റെയും റെയ്ച്ചലിന്റെയും വിവാഹവിശേഷങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്.