തിരുവനന്തപുരം: പാറശാല ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല കുമാരന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഗ്രീഷ്മയും ഷാരോണും പ്രണയത്തിലായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഇരുവരും കോടതിയില്‍ പറഞ്ഞു.
ജയിലില്‍ തുടരുന്നത് ഉപജീവനമാര്‍ഗം ഇല്ലാതാക്കുമെന്നും പ്രതികള്‍ കൂട്ടിച്ചര്‍ത്തു. ഷാരോണ്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് മകളുടെ ബന്ധത്തെ കുറിച്ച് അറിഞ്ഞതെന്നും ഹര്‍ജിയില്‍ പറയുന്നു. വിഷകുപ്പി ഒളിപ്പിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണം മാത്രമാണ്. ഗ്രീഷ്മയെ സമ്മര്‍ദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാനാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ജയിലില്‍ തുടരുന്നത് ആരോഗ്യസ്ഥിതി വഷളാക്കുമെന്നും ഇരുവരും പറഞ്ഞു.
നേരത്തെ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജി തളളിയിരുന്നു. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതകത്തില്‍ പങ്കുണ്ടെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ഗ്രീഷ്മയും അമ്മയും ദിവസങ്ങളെടുത്ത് ആസൂത്രിതമായി നടത്തിയതാണ് കൊലപാതകമെന്ന് ഷാരോണ്‍ രാജിന്റെ കുടുംബം ആരോപിച്ചത്.
തെളിവുകള്‍ നശിപ്പിച്ചതിനാണ് സിന്ധുവിനേയും, നിര്‍മ്മല്‍ കുമാരനേയും പോലീസ് പ്രതി ചേര്‍ത്തത്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.