ഇടുക്കി: കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച പത്താം ക്ലാസുകാരി പരിശോധനയിൽ ഗർഭിണിയെന്ന് തെളിഞ്ഞു. സംഭവം അറിഞ്ഞ ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ച രണ്ടാനച്ഛനും മുങ്ങി. അടിമാലിയിൽ ആണ് സംഭവം. ആശുപത്രിയിൽ വെച്ച് നടന്ന പരിശോധനയിലാണ് പെൺകുട്ടി ഒന്നിലേറെ തവണ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞത്.
15 വർഷം മുമ്പാണ് ആരോപണ വിധേയനായ രണ്ടാനച്ഛൻ പെൺകുട്ടിയുടെ അമ്മയ്ക്കൊപ്പം താമസം തുടങ്ങിയത്. ഈ കാലയളവിൽ പെൺകുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് വിവരം. ആശുപത്രിയിലെത്തിയ പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർ, പെൺകുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു.
തുടർന്ന് കാര്യം തിരക്കിയപ്പോഴാണ് രണ്ടാനച്ഛൻ ചൂഷണം ചെയ്ത കാര്യം പെൺകുട്ടി വെളിപ്പെടുത്തിയത്. വിവരം അറിഞ്ഞ രണ്ടാനച്ഛൻ ആശുപത്രിയിൽ നിന്ന് ഇതിനിടെ മുങ്ങുകയും ചെയ്തു. പാലക്കാട് സ്വദേശിയാണ് ഇയാളെന്നാണ് വിവരം. ഇയാൾക്കായി അന്വേഷണം നടത്തി വരികയാണ്.