ആറ്റിങ്ങല്‍: സിഗരറ്റ് കത്തിക്കാന്‍ ലൈറ്റര്‍ നല്‍കാത്തതില്‍ പ്രകോപിതരായ അഞ്ചംഗസംഘം സൈനികനെയും സുഹൃത്തിനെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. ആറ്റിങ്ങളാണ് സംഭവം. അവനവഞ്ചേരി സ്വദേശിയും സൈനികനുമായ അരുണ്‍ (20), മിഥുന് (20) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ വലിയകുന്ന് താലൂക്കാശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.
അരുണും മിഥുനും മറ്റൊരുസുഹൃത്തായ വിവേകുമൊത്ത് സെക്കന്‍ഡ്ഷോ സിനിമകാണാനായി മാമത്തെ തീയ്യേറ്ററിലെത്തിയതാണ്. സിനിമയ്ക്ക് ടിക്കറ്റ് കിട്ടാത്തതിനാല്‍ മടങ്ങിപ്പോകുന്നവഴി മൂന്നുമുക്കില്‍ റോഡരികിലുള്ള കടയില്‍നിന്നു നാരങ്ങാവെള്ളം കുടിയ്ക്കാന്‍ കയറി. ഇവര്‍ കടയ്ക്കുമുന്നില്‍ നില്ക്കുമ്പോള് ഇവിടെയെത്തിയ അഞ്ചംഗസംഘം സിഗരറ്റ് കത്തിക്കാന്‍ തീ ആവശ്യപ്പെട്ടു.
തങ്ങളുടെ കൈവശം ലൈറ്ററില്ലെന്ന് പറഞ്ഞപ്പോള്‍ പ്രകോപിതരായ സംഘം ഇവരോട് കയര്‍ത്തു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടയില്‍ ഒരാള്‍ കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് അരുണിനെയും മിഥുനെയും കുത്തുകയായിരുന്നു. കുത്തേറ്റ ഇരുവരും വലിയകുന്ന് താലൂക്കാശുപത്രിയുടെ ഭാഗത്തേക്കോടുന്നതിനിടെ വഴിയില്‍ കുഴഞ്ഞുവീണു. ശേഷം വിവേകിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊല്ലം സ്വദേശിയുള്‍പ്പെടെയുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Discussion about this post