തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പാന്‍മസാല ചവച്ചുകൊണ്ടാണു മാധ്യമങ്ങളെ കാണുന്നതെന്ന് എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വിപിസാനു. പാന്‍ മസാല കേരളത്തില്‍ നിരോധിച്ചതാണ്. ഗവര്‍ണര്‍ കൃത്യമായി നിയമം ലംഘിക്കുന്നുവെന്നു വ്യക്തമാണ്, രാജ്ഭവനില്‍ എക്‌സൈസ് വകുപ്പ് പരിശോധന നടത്തണമെന്നും സാനു പറഞ്ഞു.
അതേസമയം ഗവര്‍ണറെ കേരളത്തിലെ എല്ലാ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. വിവിധ സര്‍വ്വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലര്‍മാരെ നിയമിക്കാനാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥ.
മന്ത്രിസഭ പാസാക്കിയ ഓര്‍ഡിന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമസഭ വിളിക്കാനാണ് സര്‍ക്കാര്‍ ആലോചന. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് കരുത്ത് പകരുന്ന തീരുമാനമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുമെന്ന് പ്രതിപക്ഷം നിലപാടെടുത്തു.
ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കി പകരം മന്ത്രിമാരെയോ വിദഗ്ധരെയോ നിയമിക്കാമെന്ന് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരിന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമവകുപ്പ് തയ്യാറാക്കിയ കരട് ഓര്‍ഡിനന്‍സാണ് കഴിഞ്ഞ മന്ത്രിസഭയോഗം പരിഗണിച്ചത്.
കേരള, കാലിക്കറ്റ് കണ്ണൂര്‍, എംജി, സംസ്‌കൃതം, മലയാളം സര്‍വ്വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ ആയിരിക്കും. കുസാറ്റ്, ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകള്‍ക്ക് ഒരു ചാന്‍സലറും ആരോഗ്യ ഫിഷറീസ് സര്‍വ്വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലര്‍മാരും ആയിരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.