വിതുര: ക്ഷേത്രദർശനത്തിന് പോകവെ വഴിയോരത്ത് നിന്ന് ലഭിച്ച സ്വർണ്ണമാല ഉടമസ്ഥന് കൈമാറിയ രഞ്ജുമോൾ ആണ് ഇന്ന് സത്യസന്ധതയുടെ മുഖമാകുന്നത്. വിതുര കൊപ്പം സ്വദേശിനിയാണ് രഞ്ജുമോൾ. ഒന്നരപ്പവൻ തൂക്കമുള്ള സ്വർണ്ണമാലയാണ് രഞ്ജുമോളുടെ സത്യസന്ധതയിൽ ഉടമസ്ഥന് തിരികെ ലഭിച്ചത്. ശിവക്ഷേത്ര ജങ്ഷനിൽ താമസിക്കുന്ന അനിൽകുമാറിന്റെ മകൾ പാർവതിയുടെ മാലയാണ് തിങ്കളാഴ്ച പ്രഭാതസവാരിക്കിടെ നഷ്ടപ്പെട്ടത്.
നാലാമതും പെണ്‍കുഞ്ഞ് പിറന്നു; യുവാവ് ആത്മഹത്യ ചെയ്തു
നഷ്ടപ്പെട്ട മാല തിരികെ കിട്ടിയ സന്തോഷത്തിലാണ് അനിൽകുമാറും കുടുംബവും. മാല നഷ്ടപ്പെട്ട വിവരം സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കൾ പുറത്തെത്തിച്ചു. ഇതിനിടയിൽ വിതുര മഹാദേവ ക്ഷേത്രത്തിലേക്കു പോയ കൊപ്പം കരിമ്പനടി സ്വദേശി രഞ്ജുവിന് രാവിലെ ഏഴു മണിയോടെ ഹൈസ്‌കൂളിനു മുന്നിൽനിന്നു തിരിയുന്ന ഇടവഴിയിൽ നിന്നാണ് മാല ലഭിച്ചത്.
വീട്ടിലെത്തി വിദേശത്തുള്ള ഭർത്താവ് രാജേഷിനെ വിവരം ഫോണിൽ വിളിച്ചുപറഞ്ഞു. തുടർന്ന് വിതുര പോലീസ് സ്റ്റേഷനിലെത്തി മാല ഏൽപ്പിക്കുകയായിരുന്നു. മാലയ്ക്കായി അന്വേഷണം തുടരുകയായിരുന്ന അനിൽകുമാറിനെ സ്റ്റേഷനിൽ നിന്ന് വിവരം അറിയിക്കുകയും ചെയ്തു. രഞ്ജുവിന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ആണ് എസ്.ഐ. വിനോദ് കുമാർ മാല ഉടമസ്ഥനു കൈമാറിയത്. നാട്ടുകാരും സംഘടനകളും ഇപ്പോള് രഞ്ജുമോളെ അഭിനന്ദനം കൊണ്ട് മൂടുകയാണ്.