തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഉച്ചയ്ക്ക് ശേഷം അവധി നല്‍കാന്‍ ഡിഡിഇമാര്‍ക്ക് അഡീ.ഡിപിഐ നിര്‍ദ്ദേശം നല്‍കി. വനിതാ മതില്‍ നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗതാഗതക്കുരുക്കിനുള്ള സാധ്യത കണ്കകിലെടുത്താണ് നടപടിയെന്ന് എഡിപിഐ അറിയിച്ചു.
വനിതാ മതിലിന്റെ തിരക്ക് മുന്നില്‍ കണ്ട് കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്കും ഇന്നലെ തന്നെ ജനുവരി ഒന്നാം തീയതി ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചിരുന്നു. നേരത്തെ, മുഴുവന്‍ ദിനഅവധിയായിരിക്കുമെന്ന അറിയിപ്പ് വന്നിരുന്നെങ്കിലും പിന്നീട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അവധി ഉച്ചയ്ക്ക് ശേഷം മാത്രമെന്ന് തിരുത്തുകയായിരുന്നു.
ഇന്ന് നിശ്ചയിച്ച എല്ലാ പരീക്ഷകളും കാലിക്കറ്റ് സര്‍വ്വകലാശാല മാറ്റിവെച്ചിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു. അതേസമയം, വനിതാ മതിലിനായി സാങ്കേതിക സര്‍വ്വകലാശാല എഞ്ചിനീയറിംഗ് പരീക്ഷകള്‍ മാറ്റിയതായി ഇന്നലെ അറിയിപ്പുണ്ടായിരുന്നു .
ജനുവരി ഒന്നിലെ പരീക്ഷകള്‍ 14ന് നടത്താനാണ് തീരുമാനം. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സര്‍വ്വകലാശാല നല്‍കുന്ന വിശദീകരണം. എന്നാല്‍, ജനുവരി 8,9 നാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വനിതാ മതിലിനായി ഇന്ന് മൂന്നര കഴിഞ്ഞ് റിഹേഴ്‌സലിനായി നിരന്നു തുടങ്ങും. നാലുമുതല്‍ നാലേകാല്‍ വരെയാണ് മതില്‍ ഉയര്‍ത്തുക. ഓരോ കിലോമീറ്ററിലും 620 സ്ത്രീകളുടെ കോര്‍ഗ്രൂപ്പ് നിയന്ത്രണത്തിനുണ്ടാകും.