തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ പുതിയ വെളിപ്പെടുത്തല്‍. നെയ്യൂരിലെ കോളേജില്‍ വെച്ചും ഷാരോണിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നതായി ഗ്രീഷ്മ വെളിപ്പെടുത്തി. ഷാരോണ്‍ പഠിച്ചിരുന്ന നെയ്യൂരിലെ സിഎസ്ഐ കോളേജില്‍ വെച്ച് ജ്യൂസ് ചലഞ്ച് നടത്തിയായിരുന്നു ഗ്രീഷ്മയുടെ കൊലപാതക ശ്രമം. ഇതിനായി ജ്യൂസില്‍ 50-ഓളം ഡോളോ ഗുളികകള്‍ കലര്‍ത്തി നല്‍കിയതായും ഗ്രീഷ്മ മൊഴി നല്കി.
ഗ്രീഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ച നെയ്യൂരിലെ കോളേജില്‍ അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെയാണ് കോളേജില്‍ നടന്ന കൊലപാതകശ്രമത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടത്.
ഷാരോണിനെ അപായപ്പെടുത്താനായാണ് ജ്യൂസ് ചലഞ്ച് നടത്തിയിരുന്നതെന്ന് ഗ്രീഷ്മ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഗുളിക കലര്‍ത്തി നല്‍കിയും കൊല്ലാന്‍ ശ്രമിച്ചത്. ഇതിനായി 50-ഓളം ഡോളോ ഗുളികകള്‍ വാങ്ങി പൊടിച്ചശേഷം ഗ്രീഷ്മ ബാഗില്‍ സൂക്ഷിച്ചിരുന്നു.
തുടര്‍ന്ന് ഷാരോണിന്റെ കോളേജില്‍ എത്തിയപ്പോള്‍ ജ്യൂസ് വാങ്ങുകയും പിന്നീട് ശൗചാലയത്തില്‍ കയറി കൈയിലുണ്ടായിരുന്ന ഗുളിക പൊടിച്ചത് ജ്യൂസില്‍ കലര്ത്തുകയുമായിരുന്നു. എന്നാല്‍ ജ്യൂസ് കുടിച്ചയുടന്‍ ഷാരോണ്‍ തുപ്പിക്കളയുകയാണ് ചെയ്തതെന്നും ഗ്രീഷ്മ മൊഴി നല്‍കിയിട്ടുണ്ട്.
Discussion about this post