കോഴിക്കോട്: ഫുട്ബോള്‍ ആരാധകര്‍ വെച്ച പുള്ളാവൂരിലെ പുഴയരികിലും തുരുത്തിലുമുള്ള കട്ട് ഔട്ടുകള്‍ക്കെതിരെ വീണ്ടും പരാതിയുമായി അഭിഭാഷകനായ ശ്രീജിത്ത് പെരുമന. ഇത് രണ്ടാംതവണയാണ് കട്ടൗട്ടുകള്‍ക്കെതിരെ ശ്രീജിത്ത് പെരുമന പരാതി നല്‍കുന്നത്.
കൊടുവള്ളി നഗരസഭാ സെക്രട്ടറിക്കാണ് ശ്രീജിത്ത് പെരുമന ഇമെയില്‍ വഴി പരാതി നല്‍കിയത്. നേരത്തെ കട്ടൗട്ടുകള്‍ നീക്കാനായി ചാത്തമംഗലം പഞ്ചായത്തിലാണ് പരാതി നല്‍കിയിരുന്നത്. ഭീമന്‍ കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയുമെന്നാരോപിച്ചാണ് ഫുട്ബോള്‍ ആരാധകര്‍ക്കെതിരെ ഇയാള്‍ പരാതി നല്‍കിയിരുന്നത്.
അതേസമയം ഫുട്ബോള്‍ സൂപ്പര്‍ താരങ്ങളുടെ പുള്ളാവൂരിലെ കട്ട് ഔട്ട് ചിത്രം ഫിഫ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെച്ചു. ‘ഫിഫ ലോകകപ്പ് ജ്വരം ഇന്ത്യയിലെ കേരളത്തില്‍ പടര്‍ന്നിരിക്കുന്നു’ എന്ന തലവാചകത്തോടെയാണ് ഫിഫ പുള്ളാവൂര്‍ പുഴയിലെ ചിത്രം പങ്കുവെച്ചത്.
കട്ടൗട്ട് പങ്കുവെച്ച ഫിഫയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പറഞ്ഞു. കേരളവും മലയാളികളും എക്കാലവും ഫുട്ബോളിനെ സ്നേഹിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഖത്തര്‍ ലോകകപ്പ് അടുത്തുവരവെ കേരളത്തിലെമ്പാടും അത് കാണാനാകും. കാല്‍പന്ത് കളിയോടുള്ള തങ്ങളുടെ സമാനതകളില്ലാത്ത വികാരം അംഗീകരിച്ചതിന് നന്ദിയെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.