തിരുവനന്തപുരം: കോഴിക്കോട് പുള്ളാവൂരിലെ ഫുട്ബോള്‍ സൂപ്പര്‍ താരങ്ങളുടെ കട്ട് ഔട്ട് ചിത്രം ഏറ്റെടുത്ത് ഫിഫ. ഇതിനകം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇടം നേടിയ മെസി, നെയ്മര്‍, ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ സഖ്യത്തിന്റെ കട്ടൗട്ടുകളാണ് ഫിഫയും തങ്ങളുടെ ട്വിറ്റര്‍ പേജില്‍ ഔദ്യോഗികമായി പങ്കുവെച്ചു.
കട്ടൗട്ടുകള്‍ വെച്ചതിന് പിന്നാലെ പുള്ളാവൂര്‍ പുഴയിലൂടെ വിവാദങ്ങള്‍ ഒത്തിരി ഒഴുകിയെങ്കിലും തലയെടുപ്പോടെ ഇപ്പോഴും നില്‍പ്പുണ്ട്. നിരവധി ആരാധകരാണ് പോസ്റ്റിനടിയില്‍ അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നത്. ഇതിനകം തന്നെ പതിനായിരത്തിനൊടുത്ത് ലൈക്കുകളും രണ്ടായിരത്തിലധികം റീട്വീറ്റുകളും ലഭിച്ചുകഴിഞ്ഞു.
‘ഫിഫ ലോകകപ്പ് ചൂട് കേരളത്തിലും’ എന്ന തലക്കെട്ടോടെയാണ് ഫിഫ ചിത്രം പങ്കുവെച്ചത്. നിരവധി മലയാളികളും പോസ്റ്റിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്. പുള്ളാവൂരില്‍ ആദ്യം സ്ഥാപിച്ചത് മെസിയുടെ കട്ടൗട്ടാണ്. പിന്നാലെ നെയ്മറിന്റെയും റൊണാള്‍ഡോയുടെയും കട്ടൗട്ടുകള്‍ ആരാധകര്‍ സ്ഥാപിച്ചു.
#FIFAWorldCup fever has hit Kerala
Giant cutouts of Neymar, Cristiano Ronaldo and Lionel Messi popped up on a local river ahead of the tournament.
12 days to go until #Qatar2022
pic.twitter.com/29yEKQvln5
— FIFA.com (@FIFAcom) November 8, 2022
ടൂര്‍ണമെന്റിന് മുന്‍പ് നെയ്മറുടേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും ലയണല്‍ മെസ്സിയുടേയും ഭീമന് കട്ടൗട്ടുകള്‍ ഉള്‍നാടന്‍ ഗ്രാമത്തില്‍ ഉയര്‍ന്നിരിക്കുന്നതായും ഫിഫ ചൂണ്ടിക്കാട്ടി. കട്ട് ഔട്ടുകള്‍ കീഴെ പുഴയില്‍ ഇറങ്ങി നിന്ന് അര്‍ജന്റീന, പോര്‍ച്ചുഗല്‍, ബ്രസീല്‍ ആരാധകര്‍ അതാത് രാജ്യങ്ങളുടെ പതാക വീശുന്നതും ഫിഫ ട്വീറ്റ് ചെയ്ത ചിത്രത്തിലുണ്ട്.
ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെച്ച ഫിഫയോട് മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയും അറിയിച്ചു. കേരളവും മലയാളികളും എക്കാലവും ഫുട്ബോളിനെ സ്നേഹിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഖത്തര്‍ ലോകകപ്പ് അടുത്തുവരവെ കേരളത്തിലെമ്പാടും അത് കാണാനാകും. കാല്പന്ത് കളിയോടുള്ള തങ്ങളുടെ സമാനതകളില്ലാത്ത വികാരം അംഗീകരിച്ചതിന് നന്ദിയെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
Kerala and Keralites have always loved football and it is on full display with #Qatar2022 around the corner. Thank you @FIFAcom for acknowledging our unmatched passion for the sport. https://t.co/M4ZvRiZUvh
— Pinarayi Vijayan (@pinarayivijayan) November 8, 2022
പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച 30 അടി പൊക്കമുള്ള മെസ്സിയുടെ കട്ടൗട്ട് അന്താരാഷ്ട്ര കായിക മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. കേരളത്തിലെ ഫുട്ബോള്‍ പ്രേമത്തിന്റെ തീവ്രത ചൂണ്ടിക്കാണിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
അര്‍ജന്റീന ആരാധകര്‍ പുഴയുടെ നടുവിലെ തുരുത്തില് കട്ടൗട്ട് വെച്ചതിന് പിന്നാലെ ബ്രസീല്‍ ആരാധകരെത്തി അതിലും വലുപ്പമുള്ള കട്ടൗട്ട് പുഴക്കരയില്‍ വെച്ചു. 40 അടി വലുപ്പമുള്ള നെയ്മര്‍ ഫ്ലക്സ് വന്നതോടെ പുള്ളാവൂരിലെ ഫുട്ബോള്‍ ഫാന്‍ ഫൈറ്റിന് കൗതുകമേറി.
കഴിഞ്ഞ ദിവസം പോര്‍ച്ചുഗല്‍ ആരാധകര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ 50 അടി ഉയരമുള്ള കട്ട് ഔട്ട് കൂടി സ്ഥാപിച്ചു. മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖര്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് പ്രതികരിച്ചിരുന്നു.
Discussion about this post