കാഞ്ഞങ്ങാട്: കാസര്‍കോട് കാഞ്ഞങ്ങാട്ടെ വാടകവീട്ടില്‍ താമസിക്കുന്ന വയനാട് സ്വദേശിനിയെ വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ അവശനിലയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വയനാട് പനമരം സ്വദേശിനി രമ (44) ആണ് മരിച്ചത്. ഭര്‍ത്താവ് ജയപ്രകാശ് നാരായണനാണ് (45) ഗുരുതരാവസ്ഥയിലുള്ളത്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനു സമീപം കൊവ്വല്‍ എകെജി ക്ലബിനടുത്തെ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവിടെ നിന്ന് തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ 108 ആംബുലന്‍സിനായി വിളിയെത്തുകയായിരുന്നു.
ജയപ്രകാശ് വിളിച്ച് താനും ഭാര്യയും വിഷം കഴിച്ചുവെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഉടനെ തന്നെ ആംബുലന്‍സ് എത്തിയെങ്കിലും ആശുപത്രിയിലേക്കുള്ള വഴിമധ്യേ രമ മരിച്ചു. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയപ്രകാശിനെ പിന്നീട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
‘ഭാര്യ എനിക്ക് വെളുത്ത ഒരു പൊടി തന്നു. ഞാന്‍ അത് കഴിച്ചു. അല്‍പം കഴിഞ്ഞപ്പോള്‍ എനിക്ക് ഛര്‍ദിയുണ്ടായി. അസ്വസ്ഥത അനുഭവപ്പെട്ടു. എന്താണ് തന്നതെന്ന് ഭാര്യയോട് ചോദിച്ചപ്പോള്‍ വിഷമാണെന്നും താന്‍ നേരത്തേ തന്ന കഴിച്ചിട്ടുണ്ടെന്ന് പറയുകയും ചെയ്തു. അപ്പോള്‍തന്നെ ആംബുലന്‍സിനായി വിളിച്ചു.’- എന്നാണ ഇയാളുടെ മൊഴി.
ഇക്കാര്യം പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. തുടരന്വേഷണത്തിലേ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെപി ഷൈന്‍ പറഞ്ഞു. കാഞ്ഞങ്ങാട്ടെ ഒരു ഹോട്ടലിലാണ് ജയപ്രകാശ് ജോലി ചെയ്യുന്നത്.