തലശ്ശേരി: കാറില്‍ ചാരി നിന്നതിന് യുവാവ് ചവിട്ടി പരിക്കേല്‍പ്പിച്ച നാടോടി ബാലന് ഇനി മാതാവിനൊപ്പം എരഞ്ഞോളി മഹിള മന്ദിരത്തിന്റെ സംരക്ഷണത്തണലില്‍. നാലുദിവസമായി തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആറുവയസ്സുകാരനെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തു.
കുട്ടിക്ക് വലിയ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുടുംബത്തിന്റെ സുരക്ഷയ്ക്കായാണ് മഹിള മന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. സര്‍ജിക്കല്‍ വാര്‍ഡില്‍ ചികിത്സയിലിരുന്ന കുട്ടി ജീവനക്കാരുടെയും മറ്റ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ലാളനയിലായിരുന്നു.
യാത്ര പറയുമ്പോള്‍ കുട്ടിയെ വാരിപ്പുണരാനും മുത്തം നല്‍കാനും ആളുകളെത്തി. എല്ലാവരോടും നിറഞ്ഞ ചിരിയോടെ കുട്ടിയും അമ്മയും സഹോദരിയും യാത്ര പറഞ്ഞു. കേസന്വേഷണം നടക്കുന്നതിനാല്‍ ഇവര്‍ക്ക് ഉടന്‍ നാട്ടിലേക്ക് മടങ്ങാനാവില്ല. അതേസമയം, കേസിലെ മുഖ്യപ്രതി പൊന്ന്യം സ്വദേശി മുഹമ്മദ് ഷിഹാദിനെ ഇന്ന് തെളിവെടുപ്പിന് ശേഷം ഇന്ന് വീണ്ടും തലശേരി കോടതിയില്‍ ഹാജരാക്കും.
Discussion about this post