നിവിൻ പോളി ചിത്രമായ ആക്ഷൻ ഹീറോ ബിജുവിൽ പരാതി പറയാനെത്തിയ രണ്ട് വീട്ടമ്മമാർ ഇന്നും മലയാള പ്രേക്ഷക മനസിൽ നിന്ന് മായാത്ത മുഖങ്ങളാണ്. ഒന്ന് പോ സാറെ എന്ന ഒറ്റ ഡയലോഗ് കൊണ്ട് തീയേറ്ററിനെ ഒന്നടങ്കം ചിരിപ്പിച്ച നടി എരമല്ലൂർ സ്വദേശിനിയായ മേരി ഇപ്പോൾ ഒരു ഭാഗ്യപരീക്ഷണത്തിലാണ്. ജപ്തി നോട്ടീസിന്റെ വക്കിൽ എത്തിയ വേളയിൽ ലോട്ടറി വിൽപ്പനയ്ക്ക് ഇറങ്ങിയിരിക്കുകയാണ് മേരി. കൊവിഡ് കാലം തീർത്ത പ്രതിസന്ധിയാണ് മേരിയെ ഈ തീരുമാനത്തിലെത്തിച്ചത്.
ചേർത്തല അരൂർ ദേശീയപാതയ്ക്ക് സമീപമാണ് മേരി ലോട്ടറി വിൽപ്പന നടത്തി വരുന്നത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് പുതിയ വീട് വയ്ക്കാൻ ജില്ലാ സഹകരണ ബാങ്കിൽനിന്നു മേരി ലോൺ എടുത്തത്. ഇതാണ് മേരിയുടെ ജീവിതത്തെ താറുമാറാക്കിയതും. സിനിമ കുറഞ്ഞതോടെ തിരിച്ചടവുകൾ മുടങ്ങി. ഇതോടെ ജപ്തി നോട്ടീസും ലഭിച്ചു. സിനിമാക്കാരാരും വിളിക്കുന്നില്ല. എന്തെങ്കിലും വഴി നോക്കണ്ടേ എന്നോർത്ത് ലോട്ടറി വിറ്റാണ് ജീവിക്കുന്നതെന്ന് മേരി പറഞ്ഞു.
ആലപ്പുഴ എഴുപുന്ന ചാണിയിൽ ലക്ഷംവീട് കോളനി വീട്ടിലാണ് മേരിയുടെ താമസം. തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സമയത്താണ് ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ അവസരം ലഭിക്കുന്നത്. മകളെ വിവാഹം കഴിപ്പിച്ചയച്ചു. ഒപ്പമുള്ള മകന് ചില ആരോഗ്യപരമായ പ്രശ്നങ്ങളുണ്ട്. രാവിലെ 6.30ന് വീട്ടിൽ നിന്നിറങ്ങും. ഉച്ചവരെ ദേശീയപാതയോരത്തെ പൊരിവെയിലത്ത് ലോട്ടറി വിൽക്കും. 300 രൂപ വരെ കിട്ടും. ഒരു കൊച്ചുഫോണും കയ്യിലുണ്ട്, സിനിമയിൽ എന്തെങ്കിലും ഒരു വേഷവുമായി ആരെങ്കിലും വിളിക്കും എന്ന പ്രതീക്ഷയോടെയാണ് ഈ ഫോണും കൈയിൽ കരുതുന്നത്.
Discussion about this post