തിരുവനന്തപുരം: തെളിവെടുപ്പിനിടെ പോലീസിനോട് വെളിപ്പെടുത്തലുകൾ നടത്തി ഗ്രീഷ്മ. ഷാരോണിന് വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഗ്രീഷ്മയെ തെളിവെടുപ്പിനായി വെട്ടുകാട് പള്ളിയിലും ബീച്ചിലുമെല്ലാം എത്തിച്ചപ്പോഴാണ് ഗ്രീഷ്മ തുറന്ന് പറച്ചിൽ നടത്തിയത്. ഷാരോൺ തന്റെ കഴുത്തിൽ താലികെട്ടിയത് വെട്ടുകാട് പള്ളിയിൽവെച്ചാണെന്ന് ഗ്രീഷ്മ പറയുന്നു. സിന്ദൂരം ചാർത്തിയതിന് പിന്നാലെ ജൂസിൽ വിഷം നൽകി കൊടുക്കുകയും ചെയ്തതായി ഗ്രീഷ്മ കൂട്ടിച്ചേർത്തു.
ഷാരോൺ നിർബന്ധിച്ചാണ് താലികെട്ടിയതെന്നും ഗ്രീഷ്മ പറഞ്ഞു. വെട്ടുകാട് പള്ളിയിലും പരിസരത്തും ഇവർ വിശ്രമിച്ച വേളി ടൂറിസ്റ്റ് വില്ലേജിലുമായാണ് തെളിവെടുപ്പു നടത്തിയത്. ഒരു വിമുഖതയുമില്ലാതെ കാര്യങ്ങൾ വിവരിച്ച ഗ്രീഷ്മ, കുറ്റങ്ങളെല്ലാം സമ്മതിക്കുകയായിരുന്നു. ഷാരോൺ ബൈക്കിൽ കയറ്റിയാണ് തന്നെ ഇവിടേക്കു കൊണ്ടുവന്നതെന്ന് ഗ്രീഷ്മ പറഞ്ഞു.
വെട്ടുകാട് പള്ളിക്കുള്ളിൽ കയറിയപ്പോൾ, താലികെട്ടാനായി തങ്ങൾ ഇരുന്ന ബെഞ്ചും ഗ്രീഷ്മ ചൂണ്ടിക്കാണിച്ചു. പലയിടത്തും ഒരുമിച്ചു കറങ്ങിനടക്കുമ്പോൾ കമിതാക്കളാണെന്ന മട്ടിലുള്ള തുറിച്ചുനോട്ടങ്ങൾ നേരിടേണ്ടിവരാറുണ്ടായിരുന്നെന്നും അതൊഴിവാക്കാനാണ് എന്നു പറഞ്ഞാണ് താലി കെട്ടിയതെന്നും ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. അവിടെ വച്ച് നെറ്റിയിൽ സിന്ദൂരവും ചാർത്തി. തുടർന്ന് ഇരുവരും പോയ പള്ളിക്കു സമീപത്തെ ബീച്ചിലെത്തിച്ചു.
കുറച്ചു ദൂരം പോയിട്ട് തിരിച്ചുവന്നു. ഭയങ്കര വെയിലായിരുന്നു’ -ഗ്രീഷ്മ പോലീസിനോട് യാതൊരു ഭാവ വ്യത്യാസവും കൂടാതെ ബീച്ച് ചൂണ്ടിക്കാട്ടി പറഞ്ഞു. താലികെട്ടിനെ തുടർന്ന്് ഇരുവരും വിശ്രമിച്ച വേളിയിലെ സ്ഥലവും ഗ്രീഷ്മ കാട്ടിക്കൊടുത്തു. അവിടെയിരിക്കുമ്പോഴാണ് ഷാരോണിനെ ഒഴിവാക്കാൻ മറ്റു മാർഗമില്ലെന്നു തിരിച്ചറിഞ്ഞതും, താൻ കരുതിയിരുന്ന കീടനാശിനി ചേർത്ത ശീതളപാനീയം ഷാരോണിനു നൽകിയതെന്നും ഗ്രീഷ്മ പറഞ്ഞു. എന്നാൽ, കയ്പ്പു കാരണം ഷാരോൺ അതു തുപ്പിക്കളഞ്ഞു.
അൽപ്പം കഴിഞ്ഞു ഛർദ്ദിക്കുകയും ചെയ്തു. പിന്നീട് ഇക്കാര്യം ഷാരോൺ ചോദിച്ചപ്പോൾ കാലാവധി കഴിഞ്ഞ ജ്യൂസായിരുന്നു അതെന്ന് താൻ പറഞ്ഞതായും ഗ്രീഷ്മ കുറ്റസമ്മതം നടത്തി. അന്വേഷണോദ്യോഗസ്ഥരോട് ഗ്രീഷ്മ പൂർണ്ണമായും സഹകരിക്കുകയായിരുന്നു. അടുത്ത ദിവസം ഗ്രീഷ്മയെ തൃപ്പരപ്പിലെത്തിച്ച് തെളിവെടുപ്പു നടത്തും. താലികെട്ടിയതിനെ തുടർന്ന് ഇവർ ഒരുമിച്ച് മൂന്നു ദിവസം തൃപ്പരപ്പ് ശിവലോകം ഡാമിനു സമീപമുള്ള റിസോർട്ടിൽ താമസിച്ചിരുന്നതായാണ് ഗ്രീഷ്മ മൊഴിനൽകിയിട്ടുള്ളത്.
Discussion about this post