തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയും കൊണ്ടുള്ള തെളിവെടുപ്പ് പുരോഗമിക്കുന്നു. കഴിഞ്ഞദിവസം വെട്ടുകാട് പള്ളിയില്‍ ഉള്‍പ്പടെ എത്തിയാണ് തെളിവെടുപ്പ് നടന്നത്.
‘നല്ലൊരു ജീവിതമുണ്ടാകണേ എന്നായിരിക്കും അവന്‍ പ്രാര്‍ഥിച്ചത്’- എന്ന് തെളിവെടുപ്പിനിടയില്‍ വെട്ടുകാട് പള്ളിയിലെത്തിച്ച ഗ്രീഷ്മയോടു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പറഞ്ഞപ്പോള്‍; ‘പക്ഷേ, നേരെ തിരിച്ചായിപ്പോയി’ എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി.
കൂസലൊന്നുമില്ലാതെയാണ് പല ചോദ്യങ്ങള്‍ക്കും ഗ്രീഷ്മ മറുപടി പറഞ്ഞത്. കുറ്റബോധമില്ലാതെ ഷാരോണിനൊപ്പം സമയം ചെലവഴിച്ച സ്ഥലങ്ങളെ കുറിച്ച് ഗ്രീഷ്മ വിവരിച്ചു. ഇരുന്ന ബെഞ്ചുള്‍പ്പടെ കാണിച്ചു കൊടുത്തു.
വെട്ടുകാട് പള്ളിയില്‍ വെച്ച് ഷാരോണ്‍ നിര്‍ബന്ധിച്ചത് കാരണമാണ് താലി ചാര്‍ത്തിയതെന്നും ഗ്രീഷ്മ പറഞ്ഞു. ഷാരോണുമായി പ്രണയത്തിലായിരുന്നപ്പോള്‍ ഒപ്പം സഞ്ചരിച്ച സ്ഥലങ്ങളിലായിരുന്നു ഇന്നലെ തെളിവെടുപ്പ്. താനും ഷാരോണും ഒന്നിച്ചുള്ള ചിത്രങ്ങളെടുത്ത സ്ഥലങ്ങളിലേക്ക് പോലീസിനെ ഗ്രീഷ്മ കൊണ്ടുപോയി.
വേളിയിലും വെട്ടുകാട് പരിസരത്തും നടന്ന തെളിവെടുപ്പിന് ശേഷം ഇന്ന് തമിഴ്‌നാട്ടിലെത്തിച്ചായിരിക്കും തെളിവെടുപ്പ് നടത്തുക. അതേസമയം, ചിരിച്ചു കളിച്ചുകൊണ്ടാണ് പോലീസുകാരോടു ഓരോ കാര്യങ്ങളും ഗ്രീഷ്മ വിവരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ പോലീസിന് നേരെയും ഗ്രീഷ്മയ്ക്ക് നേരേയും സോഷ്യല്‍മീഡിയയിലടക്കം വിമര്‍ശനം ഉയരുകയാണ്.