പാലക്കാട്: പറളിയിൽ ബ്ലേഡ് പലിശക്കാരനായ യുവമോർച്ചാ നേതാവിന്റെ ഭീഷണിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. പറളി കിണാവല്ലൂർ അനശ്വര നഗറിലെ നിർമാണ തൊഴിലാളി പ്രവീൺ ആണ് മരിച്ചത്. 29 വയസായിരുന്നു. സംഭവത്തിൽ പ്രതിയായ യുവമോർച്ച നേതാവായ സന്തോഷ് ഒളിവിലാണെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം നടത്തി വരികയാണ്.
നവംബർ നാലിന് അർധരാത്രിയാണ് പ്രവീൺ ജീവനൊടുക്കിയത്. നവംബർ നാലിനകം വാങ്ങിയ പണം തിരിച്ചടക്കണമെന്ന ഭീഷണി സന്തോഷിൽ നിന്നുണ്ടായിരുന്നതായി കുടുംബവും ആരോപിച്ചു. സംഭവത്തിന് പിന്നാലെയാണ് സന്തോഷ് ഒളിവിൽ പോയത്. സന്തോഷിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
യുവമോർച്ച കോങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറിയാണ് സന്തോഷ്. 10 മുതൽ 20 ശതമാനം പലിശ വാങ്ങിയാണ് ഇയാൾ പണം പലിശയ്ക്ക് കൊടുത്തിരുന്നത്. പലിശ വൈകിയാൽ സന്തോഷ് വീട്ടിലെത്തുമെന്നും വീട്ടുപകരണങ്ങൾ പോലും പലിശയിനത്തിൽ അതിക്രമിച്ച് കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തിയതായി പ്രവീണിന്റെ കുടുംബം പോലീസിന് മൊഴി നൽകി.
പലിശ മുടങ്ങിയതിന്റെ പേരിൽ പ്രവീണിനെ തന്റെ വീട്ടിൽ കൂലിയില്ലാതെ സന്തോഷ് ജോലി ചെയ്യിപ്പിച്ചിട്ടുണ്ടെന്നും മൊഴിയിലുണ്ട്. ആത്മഹത്യാപ്രേരണ, പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമം എന്നീ വകുപ്പുകളാണ് സന്തോഷിനെതിരെ ചേർത്തത്. പ്രവീണിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.