തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ ഇടപെടലില്‍ അമ്പത്തിയൊന്നുകാരിയായ ജയശ്രീയുടെ സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം പൂവണിയുന്നു. ജയശ്രീയുടെ ദുരവസ്ഥ അറിഞ്ഞ് മേയര്‍ ഇടപെട്ടതോടെയാണ് ജയശ്രീക്ക് കല്ലടിമുഖത്ത് നഗരസഭയുടെ ഫ്‌ളാറ്റ് അനുവദിച്ചത്.
പ്രസവത്തില്‍ അമ്മയും 14ാം വയസില്‍ ജയശ്രീയുടെ അച്ഛനും മരിച്ചു. ജയശ്രീ തുടര്‍ന്ന് അമ്മൂമ്മയോടൊപ്പമായിരുന്നു താമസം. എന്നാല്‍ കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം അമ്മൂമ്മയും മരിച്ചതോടെ ജയശ്രീ ഒറ്റയ്ക്കായി. ബന്ധുവീടുകളിലായിരുന്നു ജയശ്രീയുടെ താമസം.
എന്നാല്‍ ബന്ധുക്കള്‍ക്ക് ബാധ്യതയായതുകൊണ്ട് എട്ടാം ക്ലാസില്‍ പഠനവും നിറുത്തി. ഇപ്പോള്‍ ശ്രീകാര്യത്ത് ഒരു വീട്ടില്‍ വൃദ്ധയെ പരിപാലിക്കുന്ന ജോലിയാണ് ചെയ്യുന്നത്. താമസിക്കാന്‍ വേറെ വീടില്ലാത്തത് കൊണ്ട് ആ വീട്ടില്‍ തന്നെയാണ് ജയശ്രീ താമസിക്കുന്നത്.
ഇതിനിടെയാണ് ബന്ധുക്കളാരുമില്ലാതെ ഒറ്റയ്ക്ക് കഴിയുന്നവര്‍ക്ക് നഗരപരിധിയില്‍ ഫ്‌ളാറ്റ് നല്‍കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ജയശ്രീയെ അറിയിച്ചത്. തുടര്‍ന്ന് നഗരസഭയില്‍ അപേക്ഷ നല്‍കുകയായിരുന്നു. തുടര്‍ന്നാണ് വീട് അനുവദിച്ചത്.
അടുത്തയാഴ്ച മേയര്‍ ആര്യാ രാജേന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സലീം എന്നിവര്‍ ചേര്‍ന്ന് വീടിന്റെ താക്കോല്‍ കൈമാറും. അടച്ചുറപ്പുള്ള ഒരു വീട് കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് ജയശ്രീ പറഞ്ഞു.