അരീക്കോട്: പഠനത്തോടും മത്സര പരീക്ഷകളോടുമുള്ള അഭിനിവേശം അനീസ് പൂവത്തിയെ എത്തിച്ചത് ദേശീയ തലത്തിലെ അപൂർവ്വ നേട്ടം. മലപ്പുറം അരീക്കോട് സ്വദേശിയാണ് അനീസ്. വ്യത്യസ്തങ്ങളായ 6 വിഷയത്തിലാണ് അനീസ് നെറ്റ് യോഗ്യത നേടിയത്. ഇതിൽ 2 വിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പിനുള്ള അർഹതയും നേടിയിട്ടുണ്ട്.
ടൂറിസം, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സൈക്കോളജി, കംപാരിറ്റിവ് സ്റ്റഡീസ് ഓഫ് റിലീജിയൻ, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ നേരത്തേ നെറ്റ് യോഗ്യതയുണ്ടായിരുന്ന അനീസ് ഇത്തവണത്തെ പരീക്ഷയിൽ മാനേജ്മെന്റ് വിഷയത്തിലും നെറ്റ് കരസ്ഥമാക്കുകയായിരുന്നു. സൈക്കോളജി, കൊമേഴ്സ് എന്നീ വിഷയങ്ങളിലാണ് അനീസിന് ജെ.ആർ.എഫ്. യോഗ്യതയുള്ളത്.
കുഴിമണ്ണ പഞ്ചായത്തിൽ ക്ളാർക്കായിരുന്നു അനീസ്. ഈ സർക്കാർ ജോലി ഉപേക്ഷിച്ചാണ് നെറ്റ് പരിശീലനരംഗത്തേക്ക് അനീസ് പ്രവേശിച്ചത്. വിവിധ വിഷയങ്ങളിൽ നെറ്റ് യോഗ്യത നേടാൻ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിനൊപ്പം അനീസും വ്യത്യസ്ത വിഷയങ്ങൾ പഠിക്കാനും പരീക്ഷ എഴുതാനും ആരംഭിച്ചു.
ഇപ്പോൾ കോഴിക്കോട് കേന്ദ്രമായി ഐഫർ എജ്യൂക്കേഷൻ എന്ന പേരിൽ നെറ്റ് കോച്ചിങ് സെന്റർ നടത്തുകയാണ്. വരുംവർഷങ്ങളിൽ കൂടുതൽ വിഷയങ്ങളിൽ നെറ്റ് നേടും, കൂടുതൽ വിദ്യാർഥികളെ പരിശീലിപ്പിക്കും -അനീസ് പറയുന്നു. അരീക്കോട് പൂക്കോട് ചോലയിൽ പരേതനായ വീരാന്റെയും മൈമൂനയുടെയും മകനാണ്. വണ്ടൂർ സ്വദേശിനി ഫഹിമയാണ് ഭാര്യ. മകൻ ഐമൻ.
Discussion about this post