കോഴിക്കോട്: ദിവസങ്ങള്‍ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് മുലപ്പാല്‍ നല്കി ജീവന് തുണയായ പൊലീസുകാരിക്ക് ആദരം. സിവില്‍ പൊലീസ് ഓഫിസറായ രമ്യയാണ് അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കടത്തിക്കൊണ്ടുപോയ 12 ദിവസം പ്രായമുള്ള കുഞ്ഞിന് മുലപ്പാല്‍ നല്‍കിയത്.
മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച പോലീസുദ്യോഗസ്ഥ രമ്യയെ സിറ്റി പൊലീസ് കമ്മിഷണര് ആദരിച്ചു. അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് കടത്തികൊണ്ടുപോയ കുഞ്ഞിനെ വയനാട് അതിര്ത്തിയില്‍ വെച്ചാണ് പൊലീസ് കണ്ടെത്തിയത്.
പിന്നീട് ചേവായൂര്‍ സ്റ്റേഷനിലെ സംഘം കുഞ്ഞിനെ തിരിച്ചെത്തിക്കാന്‍ വയനാട്ടിലെത്തി. അതിനിടെ കുഞ്ഞ് ക്ഷീണിച്ചവശയായിരുന്നു. അമ്മയില്‍നിന്ന് അകറ്റപ്പെട്ട ശേഷം കുഞ്ഞിന് മുലപ്പാല്‍ കിട്ടിയിരുന്നില്ല. കുഞ്ഞിന്റെ അവസ്ഥ കണ്ട് സിവില്‍ പൊലീസ് ഓഫിസറായ രമ്യ താന്‍ മുലയൂട്ടുന്ന അമ്മയാണെന്ന് ഡോക്ടറെ അറിയിച്ചു.
ശേഷം മാറോട് ചേര്‍ത്തുകിടത്തി മുലപ്പാല്‍ നല്‍കി. രമ്യയുടെ പ്രവര്‍ത്തി പോലീസ് സേനയ്ക്ക് തന്നെ മാതൃകയെന്ന് കമ്മിഷണര്‍ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും രമ്യയെ ആദരിച്ചിരുന്നു. മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച കോഴിക്കോട്ടെ വിവിധ പൊലീസുകാരെയും ആദരിച്ചു.