കൊല്ലം: വിദ്യാര്‍ഥിനികളായ സഹോദരിമാര്‍ക്ക് നേരേ ഓടുന്ന ട്രെയിനില്‍ വെച്ച് അശ്ലീല പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ജയകുമാര്‍ ആണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്. മുന്‍പും ഇയാള്‍ക്കെതിരെ പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കോട്ടയം എക്സ്പ്രസില്‍ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനികള്‍ക്ക് മുന്നിലാണ് ഇയാള്‍ അശ്ലീല പ്രദര്‍ശനം നടത്തിയത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്നാണ് ജയകുമാര്‍ ട്രെയിനില്‍ കയറിയത്.
ശേഷം ട്രെയിനിലെ ശുചിമുറിക്ക് സമീപം നിന്ന് ജയകുമാര്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ അശ്ളീല പ്രദര്‍ശനം നടത്തുകയായിരുന്നു. ആദ്യം വിദ്യാര്‍ത്ഥികള്‍ മാറി നില്ക്കാന് ശ്രമിച്ചുവെങ്കിലും ശല്യം വീണ്ടും തുടര്‍ന്നതോടെ പെണ്‍കുട്ടികളില്‍ ഒരാള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.
ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതി കഴക്കൂട്ടം സ്റ്റേഷനില്‍ ഇറങ്ങി മറ്റൊരു ബോഗിയില്‍ മാറിക്കയറുകയും ട്രെയിന്‍ വര്‍ക്കല എത്തിയപ്പോള്‍ ഇറങ്ങിപ്പോകുകയും ചെയ്തു. സ്റ്റേഷനില്‍ ഇറങ്ങിയ ശേഷം പെണ്‍കുട്ടികള്‍ വിവരം റെയില്‍വേ പോലീസില്‍ അറിയിച്ചു.
പ്രതിയെ കുറിച്ച് പെണ്‍കുട്ടികള്‍ നല്കിയ സൂചനകളും ദൃശ്യങ്ങളുമാണ് റെയില്‍വേ പൊലീസിനെ പ്രതിയിലേക്ക് എത്തിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രതിയെ കുടുക്കി. കരുനാഗപള്ളിയിലെ വീട്ടിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.