കൊച്ചി: 80 കാരിയായ വയോധികയ്ക്ക് രേഖ നൽകാതിരുന്ന കൃഷി ഓഫീസർക്ക് എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് സ്ഥലംമാറ്റം. ഔദ്യോഗിക കൃത്യനിർവഹണത്തിൽ അലംഭാവം കാട്ടുകയും 80 കാരിയായ വയോധികയ്ക്ക് നീതി നിഷേധിക്കുകയും ചെയ്ത സംഭവത്തിലാണ് കൃഷി ഓഫീസർക്കെതിരെ നടപടി.
എറണാകുളം ജില്ലയിലെ പായിപ്ര പഞ്ചായത്തിലെ കൃഷി ഓഫീസർ എംബി രശ്മിയെയാണ് കണ്ണൂർ ജില്ലയിലെ ന്യൂ മാഹി കൃഷി ഭവനിലേക്ക് സ്ഥലം മാറ്റിയത്. ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് രേഖക്കായെത്തിയ 80 വയസുകാരിക്ക് രേഖ നൽകാതിരുന്ന സംഭവത്തിലാണ് നടപടി.
പായിപ്ര പഞ്ചായത്തിലെ 22-ാം വാർഡിൽ താമസിക്കുന്ന എലിയാമ്മയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ഭൂമി തരംമാറ്റുന്നതിന് തനിക്ക് കൃഷി ഓഫീസർ രേഖകൾ നൽകുന്നില്ലെന്ന പരാതിയുമായി ഏലിയാമ്മ പഞ്ചായത്തിനെ സമീപിച്ചിരുന്നു.
കൃഷി ഓഫീസറുടെ നടപടിയിൽ പ്രധിക്ഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കിയുടെ നേതൃത്വത്തിൽ കൃഷി ഭവന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. ഒടുവിൽ കൃഷി വകുപ്പിലെ എറണാകുളം ജില്ലയിലെ ഡപ്യൂട്ടി ഡയറക്ടർ ടാനി തോമസ് സ്ഥലത്തെത്തി രേഖ നൽകാൻ തീരുമാനമെടുക്കുകയായിരുന്നു.
ഇതിന് പിന്നാലെ ഇടത് അംഗങ്ങൾ മാത്യൂസ് വർക്കിയുടെ നേതൃത്വത്തിൽ കൃഷി വകുപ്പ് മന്ത്രിയെ നേരിട്ട് ബന്ധപ്പെട്ട് കൃഷി ഓഫീസറെ മാറ്റണം എന്നാവശ്യപ്പെട്ടിരുന്നു.