ചേര്‍പ്പ്: ഇംഗ്ലണ്ടിലെ ഓക്‌സ്ഫര്‍ഡ് സര്‍വകലാശാലയിലേക്ക് 1.80 കോടിയുടെ സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നേടി അഭിമാനമായിരിക്കുകയാണ് ഊരകം ഞെരുവിശ്ശേരിയിലെ കാര്‍ത്തിക് കൃഷ്ണസ്വാമി (25).
പരിസ്ഥിതിഗവേഷണത്തില്‍ ഇക്കൊല്ലം പ്രവേശനം നേടിയ 19 പേരില്‍ ഏക ഇന്ത്യക്കാരന്‍ കൂടിയാണ് കാര്‍ത്തിക്. നാച്വറല്‍ എന്‍വയോണ്‍മെന്റ് റിസര്‍ച്ച് കൗണ്‍സില്‍-എന്‍ഇആര്‍സി സ്‌കോളര്‍ഷിപ്പോടെയാണ് കാര്‍ത്തിക് പ്രവേശനം സ്വന്തമാക്കിയത്. നാലു കൊല്ലമാണ് ഓക്‌സ്ഫര്‍ഡില്‍ പഠനം.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ കാര്‍ത്തിക് ഭൗമശാസ്ത്ര ബിരുദത്തില്‍ ഒന്നാംറാങ്ക് ലഭിച്ചിരുന്നു. പിജിക്ക് സ്വര്‍ണമെഡലും സ്വന്തമാക്കി.
പിന്നാലെ ഓഗസ്റ്റില്‍ ചെന്നൈ ഒഎന്‍ജിസിയില്‍ കാര്‍ത്തിക്കിന് ജോലി ലഭിച്ചിരുന്നു. ഗേറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ പന്ത്രണ്ടാം റാങ്ക് നേടിയതോടെയാണ് കാര്‍ത്തികിന് ജോലി ലഭിച്ചത്.
എന്നാല്‍, ഗവേഷണത്തില്‍ പ്രവേശനം നേടിയതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു. ഊരകം ഞെരുവിശ്ശേരി കുണ്ടിലമഠത്തില്‍ കൃഷ്ണസ്വാമിയുടെയും പാര്‍വതിയുടെയും മകനാണ് കാര്‍ത്തിക്.