താമരശ്ശേരി: വൈദ്യുത ബില്ല് അടച്ചതിന് ശേഷവും ഫ്യൂസ് ഊരിയെന്നാരോപിച്ച് കെഎസ്ഇബി ഓവര്‍സിയറെ ഓഫീസില്‍ കയറി തല്ലിയ അഞ്ച് പേര്‍ അറസ്റ്റില്‍. വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെ കോഴിക്കോട് താമരശേരി ചുങ്കത്തുള്ള കെഎസ്ഇബി ഓഫീസിലാണ് അക്രമസംഭവം അരങ്ങേറിയത്.
വീട്ടിലെ വൈദ്യുതി വിഛേദിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണം. സംഭവത്തില്‍ താമരശ്ശേരി കുടുക്കിലുമ്മാരം കയ്യേലിക്കല്‍ വിനീഷ് (34), വാഴയില്‍ സജീവന്‍ (40), കയ്യേലിക്കല്‍ അനീഷ് (37), ചെട്ട്യാന്‍കണ്ടി ഷരീഫ് (41), കയ്യേലിക്കല്‍ അനൂപ് (35) എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
താമരശേരി ചുങ്കത്തുള്ള കെഎസ്ഇബി ഓഫീസിലെ ഓവര്‍സിയര്‍ പികെ ജയമുവിനെയാണ് സംഘം അക്രമിച്ചത്. അറസ്റ്റിലായ വിനീഷിന്റെ വീട്ടില്‍ വൈദ്യുത ബില്ല് അടച്ചതിന് ശേഷവും ഫ്യൂസ് ഊരിയെന്ന് ആരോപിച്ചുണ്ടായ വാക്ക് തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
also read; അടുപ്പിച്ച് രണ്ട് ലോട്ടറി അടിച്ചു, ഒറ്റ ദിവസം കൊണ്ട് മില്ല്യണയര്‍ ആയി 70കാരി
ഫ്യൂസ് ഊരിയതറിഞ്ഞ് കെഎസ്ഇബി ഓഫീസലെത്തിയ വിനീഷും സംഘം ഉദ്യോഗസ്ഥരോട് തട്ടിക്കയറി. വാക്കേറ്റം രൂക്ഷമാവുകയും തുടര്‍ന്ന് അക്രമി സംഘം ജയ്മുവിനെ മര്‍ദ്ദിക്കുകയുമായിരുന്നു. ജീവനക്കാരെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതികള്‍ കെ.എസ്ഇബി ഓഫീസിനുള്ളിലെ കസേര അടിച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഓവര്‍സിയര്‍ താമരശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഓഫീസില്‍ കയറി മര്‍ദ്ദിച്ചതിനും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനുമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്താണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.