തിരുവനന്തപുരം: കൈയ്യും കാലും കെട്ടിവെച്ച് ക്രൂരമായി മര്‍ദിച്ച ശേഷം അഞ്ചാംക്ലാസ്സുകാരന് ലഹരിമരുന്ന് നല്‍കിയതായി പരാതി. നെല്ലിമൂട് ന്യം ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയും നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശി രാജേഷ് കൃഷ്ണയുടെ മകനുമായ പത്ത് വയസുകാരന്‍ നവനീത് കൃഷ്ണയ്ക്കാണ് മര്‍ദനമേറ്റത്.
മുമ്പ് സ്‌കൂള്‍ വിദ്യാര്‍ത്ഥി അജ്ഞാത ദ്രാവകം നല്കിയതിനെ തുടര്‍ന്ന് അവശനിലയിലായി മരിച്ച മെതുകുമ്മല്‍ സ്വദേശിയായ അശ്വിന്‍ (11) പഠിച്ചിരുന്ന സ്‌കൂളിലെ അഞ്ച്, പത്ത് ക്ലാസുകളിലെ നാല് കുട്ടികള്‍ക്ക് എതിരെയാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
നവനീതിന്റെ കൈയും കാലും പൂട്ടിവച്ച് സഹവിദ്യാര്‍ത്ഥികള്‍ ലഹരിമരുന്ന് നല്‍കി ക്രൂരമായി മര്‍ദ്ദിക്കുകയും കോമ്പസ് വെച്ച് ശരീരത്തില്‍ വരയുകയുമായിരുന്നു. ഈസംഭവം അറിഞ്ഞ് സ്‌കൂളില്‍ എത്തിയ മര്‍ദ്ദനമേറ്റ കുട്ടിയുടെ ബന്ധുക്കളോട് സ്‌കൂള്‍ അധികൃതര്‍ മോശമായി പെരുമാറുകയും സംഭവത്തില്‍ സാക്ഷി പറയാന്‍ എത്തിയ കുട്ടികളെ വിരട്ടി ഓടിച്ചതായും പരാതിയില്‍ പറയുന്നു.
കൂടാതെ സ്‌കൂളിലെ ഓണാഘോഷ പരിപാടികള്‍ക്ക് ഇടയില്‍ കുട്ടിയുടെ കൈകാലുകള്‍ പിടിച്ച് വെച്ച് ബ്രൗണ്‍ നിറത്തിലുള്ള ദ്രാവകം വായിലൂടെ ഒഴിച്ച് നല്‍കിയതായും കുട്ടി പറയുന്നു. ഇതിന് ശേഷം അവശനിലയിലായ നവനീത് അവിടെ തന്നെ കിടന്നുറങ്ങി. സ്‌കൂള്‍ ബസ് ഡ്രൈവറാണ് അന്ന് കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിച്ചതെന്നും പരാതിയില്‍ പറയുന്നു.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് എസ്.എ.ടി ആശുപത്രിയിലേക്ക് കുട്ടിയെ റഫര്‍ ചെയ്തു. ആശുപത്രിയിലേക്ക് പോകുന്നതിനായി വീട്ടിലെത്തിയപ്പോള്‍ കുട്ടി വീണ്ടും ഛര്‍ദ്ദിച്ചു. തുടര്‍ന്ന് കുട്ടിയെ തെട്ടടുത്തുള്ള കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് ശാരീരിക ക്ഷതമേറ്റതിനാലാണ് ഛര്ദ്ദിച്ചതെന്ന് കണ്ടെത്തി.
Discussion about this post