മട്ടാഞ്ചേരി: രണ്ട് വൃക്കകളും തകരാറിലായ 13 വയസുകാരൻ ചികിത്സാ സഹായം തേടുന്നു. മട്ടാഞ്ചേരി ഗുജറാത്തി സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ സഹദ് ഇബ്‌നു ആണ് സുമനസുകളുടെ സഹായം പ്രതീക്ഷിച്ച് ജീവിക്കുന്നത്. കഴിഞ്ഞ 10 കൊല്ലമായി ചികിത്സയിലാണ് ഈ കുരുന്ന്.
മട്ടാഞ്ചേരി ഈരവേലിയിൽ ഹംസ ഷുക്കൂറിന്റെയും സീനത്തിന്റെയും മകനാണ്. കൂലിപ്പണിക്കാരനാണ് ഷുക്കൂർ. മറ്റ് വരുമാനങ്ങളൊന്നും തന്നെ ഇല്ലാത്തതിനാൽ മകന്റെ ചികിത്സയ്ക്ക് പണത്തിനായി അലയുകയാണ് നിർധനരായ കുടുംബം. പഠനത്തിലും മുൻപിലാണ് സഹദ്. രോഗം ബാധിച്ചതോടെ സ്‌കൂളിൽ പോകാൻ കഴിയാത്ത സ്ഥിതിയാണ്.
ആഴ്ചയിൽ നാല് ഡയാലിസിസ് ആണ് സഹദിന് വേണ്ടത്. ചികിത്സയ്ക്കു വേണ്ട വലിയ ചെലവുകൾ ഈ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ്. സ്‌കൂൾ അധികൃതർ മുൻകൈ എടുത്ത് കുറച്ച് സഹായമൊക്കെ നൽകി. ഇനി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് ചെയ്യാനുള്ളതെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിന് 35 ലക്ഷം രൂപയാണ് ചെലവ്. എന്നാൽ ഈ ഭീമൻ തുക കണ്ടെത്താൻ കഴിയാത്ത സ്ഥിതിയാണ് കുടുംബത്തിന്.
ഈ കൊച്ചുമിടുക്കന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ വേണ്ടിയാണ് സുമനസുകളുടെ സഹായം തേടുന്നത്. ഇതോടൊപ്പം സഹദിന്റെ ചികിത്സാ ചെലവുകൾക്ക് പണം കണ്ടെത്താൻ നാട്ടുകാരും പരിശ്രമം നടത്തി വരികയാണ്. കാനറ ബാങ്കിന്റെ ആലുവ ശാഖയിൽ ഷുക്കൂറിന്റെ പേരിൽ ഇതിനായി ഒരു അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 110072064081 ഐ.എഫ്.എസ്.സി. CNRB 0000804. വിവരങ്ങൾക്ക് ഫോൺ: 90615 46022.