കണ്ണൂർ: തലശ്ശേരിയിൽ കാറിന്റെ അരികിൽ ചാരി നിന്നതിന്റെ പേരിൽ ആറുവയസുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ പ്രതിയെ റിമാൻഡ് ചെയ്തു. രണ്ടാഴ്ചത്തേയ്ക്കാണ് പ്രതിയായ മുഹമ്മദ് ഷാനിദിനെ റിമാൻഡ് ചെയ്തത്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. സംഭവത്തിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നു.
ഷിനാദ് കാർ നിർത്തിയിരുന്നത് നോ പാർക്കിങ് ഏരിയയിലാണെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കുട്ടി മാറിയില്ലായിരുന്നെങ്കിൽ വയറിന് ചവിട്ടേറ്റ് മരണം വരെ സംഭവിക്കുമായിരുന്നുവെന്നും ചവിട്ടാൻ കാരണം കാറിൽ ചാരി നിന്നതിന്റെ വിരോധമെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചവിട്ടേറ്റകുട്ടി കരയുന്നത് കണ്ടാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുന്നത്.
തൊട്ടടുത്തുള്ള സ്ഥാപനത്തിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ഗൗരവം ജനങ്ങളിലേയ്ക്ക് എത്തിയത്. അതേസമയം, പോലീസെത്തി അർദ്ധരാത്രിയോടെ പ്രതിയെ പിടികൂടി പ്രതിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പുലർച്ചയോടെ വിട്ടയക്കുകയും ചെയ്തിരുന്നു. ഇത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് വ്യാപക പ്രതിഷേധം ഉയർന്നത്.
പിന്നാലെ പ്രതിയെ കസ്റ്റഡിയിലെടുത്ത് വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു. ഇന്ന് രാവിലെയോടെയാണ് കുട്ടിയെ ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. കാറിന്റെ അരികിൽ ചാരി നിന്ന കുട്ടിയെ ഷാനിദ് പാഞ്ഞെത്തി പുറകിൽ ആഞ്ഞ് ചവിട്ടുകയായിരുന്നു. ചവിട്ട് കിട്ടിയത് എന്തിനെന്ന് അറിയാതെ പകച്ചു നിൽക്കുന്ന കുട്ടിയെയും ദൃശ്യങ്ങളിൽ കാണാം. കുട്ടിയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
Discussion about this post