കൊച്ചി: യാത്രക്കാരുമായുള്ള സർവീസിനിടെ ഡീസൽ തീർന്ന് തിരക്കേറിയ റോഡിൽ വൻ ഗതാഗതക്കുരുക്ക് വരുത്തിയ സ്വകാര്യ ബസിനെതിരെ കേസെടുത്തു. ഡ്രെവറുടെ അനാസ്ഥമൂലം റോഡിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച കുറ്റത്തിനാണ് ബസിനെതിരേ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ ഷാജി മാധവന്റെ നിർദേശപ്രകാരം വെഹിക്കിൾ ഇൻസ്‌പെക്ടർമാർ കേസെടുത്തത്.
ഇന്ധനമില്ലാതെ യാത്രക്കാരുമായി സർവീസ് നടത്തിയതിന് കേരള മോട്ടോർ വാഹനനിയമം റൂൾ 46 പ്രകാരമാണ് കേസെടുത്തത്.ചട്ടപ്രകാരം വാഹനം എടുക്കുന്നതിന് മുൻപ് ആവശ്യത്തിന് ഇന്ധനമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ നിയമപ്രകാരം യാത്രക്കാരുണ്ടെങ്കിൽ ബസ് പെട്രോൾ പമ്പിൽ കയറ്റാനും അനുമതിയില്ല. ചട്ടലംഘനം നടത്തിയ സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്.
വ്യാഴാഴ്ച കലൂർ പള്ളിക്ക് സമീപമാണ് ഇന്ധനം തീർന്ന സ്വകാര്യ ബസ് റോഡിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചത്. ഇരുപതോളം യാത്രക്കാരുമായി വൈറ്റിലയ്ക്ക് പോകുകയായിരുന്ന ‘ആൻസൻ’ ബസാണ് ഡീസൽ തീർന്ന് റോഡിൽ നിന്നത്. ഒടുവിൽ ബസ് ജീവനക്കാർ പമ്പിലെത്തി ഡീസൽ വാങ്ങി ഓട്ടം പുനരാരംഭിക്കുകയായിരുന്നു.
ബസ് പാതിവഴിയിൽ നിന്നതിന്റെ തൊട്ടു പിറകിലുണ്ടായിരുന്ന അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ കെ.എം. നജീബ്, കെ.എസ്. ഭരത് ചന്ദ്രൻ, സഗീർ എന്നിവർ റോഡിൽ ഇറങ്ങി ഗതാഗതക്കുരുക്കിന്റെ കാരണം തിരക്കി. കലൂർ പള്ളിക്ക് മുന്നിൽ എത്തിയപ്പോൾ ഇന്ധനം തീർന്ന ബസാണ് വഴിമുടക്കിയതെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. ഉടൻ വാഹന ഗതാഗതം നിയന്ത്രിച്ച് ബസ് ജീവനക്കാർക്കുവേണ്ട സഹായം നൽകുകയും ചെയ്തു.