മലപ്പുറം: മലയാളികളുടെ പ്രിയപ്പെട്ട മാപ്പിളപ്പാട്ട് ഗായകന്മാരില്‍ ഒരാളാണ് സലിം കൊടത്തൂര്‍. ഇപ്പോഴിതാ വിമാനത്താവളത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സലീം. ഫേസ്ബുക്കിലെ ലൈവ് വീഡിയോയിലൂടെയാണ് സലീം കൊടത്തൂര്‍ താന്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്.
താനൊരു മലപ്പുറം ജില്ലക്കാരനായതിനാലും സലീം എന്ന പേരുകാരനായത് കൊണ്ടും വിമാനത്താവളത്തില്‍ പ്രത്യേക പരിശോധനക്ക് വിധേയനാകേണ്ടി വരുന്നുവെന്ന് സലീം പറഞ്ഞു. ഇത്തരത്തിലൊരു അനുഭവം ആദ്യമായിട്ടല്ലെന്നും നേരത്തെയുമുണ്ടായിരുന്നുവെന്നും ഗായകന്‍ കൂട്ടിച്ചേര്‍ത്തു.
also read; സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ധ്യാനിക്കണം; കര്‍ണാടകയില്‍ ഉത്തരവുമായി മന്ത്രി
താന്‍ പലപ്പോഴും കൊച്ചി എയര്‍പ്പോട്ടില്‍ നിന്നാണ് യാത്ര ചെയ്യാറുള്ളത്. ഇത് പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നും മലപ്പുറത്ത് വീടുള്ളപ്പോഴും സമീപത്ത് മറ്റൊരു എയര്‍പോട്ട് ഉണ്ടായിട്ടും എന്തുകൊണ്ടാണ് കൊച്ചിയില്‍ യാത്ര ചെയ്യുന്നതെന്ന ചോദ്യങ്ങള്‍ നേരിടേണ്ടിട്ടുണ്ടെന്നും സലീം കൊടത്തൂര്‍ പറയുന്നു.
കൊച്ചി എയര്‍പോട്ട് തെരഞ്ഞെടുക്കുന്നത് തനിക്ക് വീട്ടിലേക്ക് എത്താന്‍ എളുപ്പത്തിനാണ്. പാസ്‌പോര്‍ട്ട് നോക്കിയ ശേഷം വിശദമായി പരിശോധിക്കണമെന്ന് പറഞ്ഞ് അടിവസ്ത്രം വരെ ഊരി പരിശോധിച്ചിട്ടുണ്ടെന്നും മലപ്പുറത്തുള്ള ചിലര്‍ തെറ്റുചെയ്‌തെന്ന് കരുതി എല്ലാ മലപ്പുറംകാരും അതുപോലെ ചെയ്യണമെന്നുണ്ടോ എന്നും സലീം ചോദിക്കുന്നു.
എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് തന്റെ ജോലിയുടെ കാര്യം പറഞ്ഞുകൊടുത്തു, ചെയ്ത വര്‍ക്കുകള്‍ കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നുവെന്നും എന്നിട്ടും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ഗായകന്‍ പറയുന്നു. തനിക്ക് തന്റെ ജില്ല മാറാനോ പേര് മാറ്റാനോ പറ്റില്ലെന്നും അദ്ദേഹം പറയുന്നു.
‘ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത് എന്തുകൊണ്ടാണ് മാസം പലതവണ യാത്ര ചെയ്യുന്നതെന്നാണ് . ഞാന്‍ മനസിലാക്കുന്നത്, ഞാന്‍ മലപ്പുറം ജില്ലക്കാരനായത് കൊണ്ടും എന്റെ പേര് സലിം എന്നായതുമാണ് ചോദ്യം ചെയ്യപ്പെടുന്നതിന് കാരണമെന്നാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.