കോഴിക്കോട്: പറമ്പില്‍ ബസാര്‍ സ്വദേശിയായ അനഘയുടെ മരണത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ പോലീസ് കേസെടുത്തു. അനഘയുടെ ഭര്‍ത്താവ് ശ്രീജേഷിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ചേവായൂര്‍ പോലീസ് കേസെടുത്തത്.
മൂന്നുവര്‍ഷം മുമ്പായിരുന്നു അനഘയും ശ്രീജേഷും തമ്മിലുള്ള വിവാഹം. ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികളുമുണ്ട്. അനഘയുടെ രക്ഷിതാക്കള്‍ നിയമപരമായി വേര്‍പിരിഞ്ഞ് ജീവിക്കുകയാണ്. ഇതിന്റെ പേരില്‍ ശ്രീജേഷും അമ്മയും സഹോദരിയും അനഘയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു.
ബന്ധുക്കള്‍ ആരെങ്കിലും വീട്ടിലെത്തിയാല്‍ കാണാന്‍ അനുവദിക്കുകയോ അനഘയെ സ്വന്തം വീട്ടിലേക്ക് വരാന്‍ അനുവദിക്കുകയോ ചെയ്യാതെ മാനസികമായി ഒരുപാട് പീഡിപ്പിച്ചിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
അനഘയുടെ ജന്മദിനത്തില് കേക്കുമായി എത്തിയ സഹോദരനെ വീട്ടില്‍നിന്ന് ഇറക്കി വിട്ടിരുന്നു. തുടര്‍ന്ന് കേക്ക് വലിച്ചെറിയുകയും ചെയ്തു. അനഘ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞെത്തിയ അമ്മയെയും അനഘയെ കാണാന്‍ അനുവദിച്ചില്ല. പിന്നീട് ഇരട്ടക്കുട്ടികള്‍ പിറന്ന വിവരമറിഞ്ഞെത്തിയപ്പോഴും ശ്രീജേഷും അമ്മയും അനഘയുടെ ബന്ധുക്കളെ തടഞ്ഞിരുന്നു.
അനഘ എംഎല്‍ടി കോഴ്സ് കഴിഞ്ഞിരുന്നു. ഇതിന്റെ സര്‍ട്ടിഫിക്കറ്റ് എടുക്കാനായി അടുത്തിടെ വീട്ടില്‍ എത്തിയ അനഘ ഭര്‍ത്താവ് ശ്രീജേഷ് മര്‍ദിക്കുന്ന കാര്യവും ശ്രീജേഷിന്റെ അമ്മയുടെ പീഡനങ്ങളും വീട്ടുകാരെ അറിയിച്ചിരുന്നു.
മടങ്ങി പോകേണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും സഹോദരങ്ങള്‍ വിവാഹം കഴിക്കാത്തതിനാല്‍ താന്‍ വീട്ടില്‍ വന്ന് നില്‍ക്കുന്നത് ശരിയല്ലെന്നും എങ്ങനെയെങ്കിലും ഭര്‍തൃവീട്ടില്‍ അഡ്ജസ്റ്റ് ചെയ്തോളാമെന്നും ആയിരുന്നു മറുപടി.
അതേസമയം, ഇനി വീട്ടില്‍ പോയാല്‍ താലി അഴിച്ചുവെച്ച് പോയാല്‍ മതിയെന്ന് ശ്രീജേഷ് അനഘയെ ഭീഷണിപ്പെടുത്തിയിരുന്നു. ബന്ധുക്കളുടെ നമ്പറെല്ലാം ബ്ലോക്ക് ചെയ്തെന്നും ആരോപണമുണ്ട്. ഹൃദ്രോഗിയായ അനഘയുടെ അമ്മയ്ക്ക് മകളെ കാണണം എന്ന് പറഞ്ഞ സമയത്തും ഭര്‍തൃവീട്ടുകാര്‍ അനുവദിച്ചിരുന്നില്ല.
ഒക്ടോബര്‍ 27-ന് രാവിലെ 11 മണിയോടെ ഭര്‍തൃവീട്ടില്‍നിന്നിറങ്ങിയ അനഘയെ ബന്ധുവീട്ടില്‍ കണ്ടവരുണ്ട്. എന്നാല്‍ ഈ വീട്ടില്‍ ആരുമില്ലായിരുന്നു. തുടര്‍ന്ന് മടങ്ങിപോവുകയായിരുന്നു. ഈ വീടിന് അടുത്തുള്ള റെയില്‍പാളത്തിലേക്ക് പോയ അനഘയെ ഇവിടെയാണ് തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.
അനഘയുടെ അപപകടത്തില്‍ അസ്വാഭാവിക മരണത്തിന് എലത്തൂര്‍ പോലീസാണ് ആദ്യം കേസെടുത്തത്. പിന്നാലെ അനഘയുടെ മരണത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരേ കേസ് എടുക്കണമെന്നും അനഘയുടെ കുഞ്ഞുങ്ങളെ വിട്ടുകിട്ടണം എന്നും ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയതോടെയാണ് കേസ് ചേവായൂര്‍ സ്റ്റേഷനിലേക്ക് മാറ്റിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Discussion about this post